'ജെൻ സി' തലമുറ നിയമസഭകളിലേക്ക് വരട്ടെ; മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കണമെന്ന് രേവന്ത് റെഡ്ഡി
നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 25-ൽ നിന്ന് 21 വയസ്സായി കുറയ്ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ സംഘടിപ്പിച്ച മെഴുകുതിരി റാലിയിൽ സംസാരിക്കവെ, നിയമനിർമ്മാണ സഭകളിൽ 'ജെൻ സി' (Gen Z) തലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയം ഉടൻ തന്നെ തെലങ്കാന നിയമസഭയിൽ പാസാക്കുമെന്നും, തുടർന്ന് ഇത് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി അയക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. വരുംകാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി 'ജെൻ സി' തലമുറയിൽ നിന്നുള്ള ആളായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജിലും പ്രതിഷേധിച്ചാണ് തെലങ്കാന കോൺഗ്രസ് പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലേസ് റോഡിലേക്ക് റാലി നടത്തിയത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ വോട്ടവകാശത്തിനുള്ള പ്രായപരിധി 21-ൽ നിന്ന് 18 ആയി കുറച്ചതെന്ന് രേവന്ത് റെഡ്ഡി ഓർമ്മിപ്പിച്ചു. തുടർന്ന് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കി കുറച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിന്റെ ഫലമായാണ് 2020-ൽ 21-ാം വയസ്സിൽ ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയറാകാൻ സാധിച്ചതെന്നും രേവന്ത് റെഡ്ഡി തന്റെ പ്രസംഗത്തിൽ കൂട്ടിചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.