തിരുവനന്തപുരം: പി.എസ്.സി.യുടെ ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ റാങ്ക് പട്ടിക തയ്യാറാക്കിയെന്ന ഗുരുതര ക്രമക്കേടില്‍, പുനര്‍മൂല്യനിര്‍ണയത്തിന് ശേഷമുള്ള പുതുക്കിയ റാങ്ക് പട്ടിക പുറത്തുവന്നു. മൂല്യനിര്‍ണയത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം നടത്തിയ ശ്യാം കൃഷ്ണനാണ് പുതിയ പട്ടികയില്‍ ഒന്നാം റാങ്ക്. മുന്‍ പട്ടികയില്‍ ഒന്നാം റാങ്കിലുണ്ടായിരുന്ന ഉദ്യോഗാര്‍ഥി പുതിയ മൂല്യനിര്‍ണയത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2022-ല്‍ വിജ്ഞാപനം ചെയ്ത കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പെര്‍സ്പെക്റ്റീവ് പ്ലാനിങ്, പ്ലാനിങ് കോര്‍ഡിനേഷന്‍ എന്നീ ഡിവിഷനുകളിലെ തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് വന്‍ വീഴ്ച സംഭവിച്ചത്. ഒന്നാം പേപ്പറിലെ 9 മുതല്‍ 18 വരെയുള്ള 10 വിവരണാത്മക ചോദ്യങ്ങള്‍ (ആകെ 58 മാര്‍ക്ക്) ഡിജിറ്റല്‍ ഓണ്‍-സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കുകയായിരുന്നു. അപൂര്‍ണമായ ഈ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ 2025 മേയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്ന് തൊട്ടടുത്ത മാസം നിയമനങ്ങളും നടന്നു.
എന്നാല്‍, പഴയ പട്ടികയില്‍ മൂന്നാം റാങ്കിലുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം (RTI) ഉത്തരക്കടലാസിന്റെ പകര്‍പ്പ് വാങ്ങി പരിശോധിച്ചതോടെയാണ് 58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ നോക്കാതെയാണ് റാങ്ക് ലിസ്റ്റ് ഇട്ടതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സിപിഎം അനുകൂല സംഘടനകളിലെ പ്രമുഖരെ തിരുകിക്കയറ്റാന്‍ നടപ്പാക്കിയ ആസൂത്രിത കൃത്രിമമാണിതെന്ന് ആരോപണമുയര്‍ന്നു. വിഷയം കോടതിയിലെത്തിയതോടെ ഹൈക്കോടതി പി.എസ്.സി.ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.
തുടര്‍ന്ന്, പഴയ റാങ്ക് പട്ടിക റദ്ദാക്കാനും ഒഴിവാക്കിയ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എല്ലാ ഉദ്യോഗാര്‍ഥികളുടെയും ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പുനര്‍മൂല്യനിര്‍ണയം നടത്താനും പി.എസ്.സി. നിര്‍ബന്ധിതരായി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പി.എസ്.സി. ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പുനര്‍മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ വിവിധ തസ്തികകളുടെ അന്തിമ റാങ്ക് പട്ടികകള്‍ ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചു വരികയാണെന്ന് പി.എസ്.സി. അറിയിച്ചു.
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി; പരാതിക്കാരന് ഒന്നാം റാങ്ക്; ആദ്യത്തെ ഒന്നാം റാങ്കുകാരന് അഞ്ചാം സ്ഥാനത്ത്