ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകറ്റാൻ നിർബന്ധിക്കുന്നത് ക്രൂരത; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ഭർത്താവിനെ കാരണമില്ലാതെ സ്വന്തം മാതാപിതാക്കളിൽ നിന്ന് അകറ്റാൻ വീട് മാറി താമസിക്കാൻ ഭാര്യ നിർബന്ധിക്കുന്നത് ദാമ്പത്യബന്ധത്തിലെ മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ അത് വിവാഹമോചനത്തിന് മതിയായ കാരണമാകുമെന്നും കോടതി വ്യക്തമാക്കി.
കണ്ണൂർ സ്വദേശിയായ യുവാവ് നൽകിയ അപ്പീൽ ഹരജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണത്തോടൊപ്പം വിവാഹമോചനം അനുവദിച്ചത്.
2015-ൽ വിവാഹിതരായ ദമ്പതികളുടെ വിവാഹമോചന ഹരജിയാണ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. ഭർത്താവിന്റെ അമ്മയുമായുള്ളത് ചെറിയ കുടുംബപ്രശ്നം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബ കോടതി നേരത്തെ വിവാഹമോചന ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച ഹൈക്കോടതി, കാരണമില്ലാതെ ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകറ്റാനുള്ള ശ്രമം മാനസിക പീഡനമായി വിലയിരുത്താമെന്ന് നിരീക്ഷിച്ചു. കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, അപ്പീൽ അനുവദിച്ച് ദമ്പതികളുടെ വിവാഹബന്ധം വേർപെടുത്താൻ ഉത്തരവിടുകയും ചെയ്തു.
ദാമ്പത്യജീവിതത്തിൽ പരസ്പര ബഹുമാനവും കുടുംബബന്ധങ്ങളോടുള്ള ന്യായമായ സമീപനവും അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.