തിരുവനന്തപുരം: കേരളത്തെ ആഗോളതലത്തില്‍ ശ്രദ്ധേയമായ ഒരു 'ഹെല്‍ത്ത് ഡെസ്റ്റിനേഷന്‍' ആക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. രോഗപ്രതിരോധത്തിനും ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃത്യമായ 'ഹെല്‍ത്ത് ഡാറ്റ' ശേഖരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടിയാണ് ആരോഗ്യ മേഖല കൈകാര്യം ചെയ്യേണ്ടത്. മലയാളികളുടെ നിലവിലെ ജീവിതശൈലിയാണ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന കാരണം. ഇതിന് പരിഹാരമായി രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്കും, രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാനുള്ള പരിശോധനാ സംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
വയോജനങ്ങള്‍ക്ക് മികച്ച സംരക്ഷണവും കരുതലും ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. മുതിര്‍ന്ന പൗരന്മാര്‍ സംസ്ഥാനത്ത് ഒരിക്കലും ഒറ്റപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'കെയര്‍ ലിവിങ്' കോഴ്സുകള്‍ ആരംഭിക്കും. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി: കോഴിക്കോട് നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
ഡെര്‍മറ്റോളജി ആശുപത്രി: 35 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഡെര്‍മറ്റോളജി ആശുപത്രി യാഥാര്‍ഥ്യമാക്കും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റോക്കറ്റ് വേഗതയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.