തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമിച്ച കേസിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും ഉൾപ്പെടെ നാല് പേർ പിടിയിലായി. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച അജി, സ്റ്റെഫിൻ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘവും മ്യൂസിയം പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് ഡി സി സി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അക്രമത്തിനെത്തിയ ഇരുചക്രവാഹനം ഓടിച്ചിരുന്നത് അഡ്വ. പ്രദീപ് ആയിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ കോടതിയിൽ ഹാജരാക്കും.