കോപ്പന്‍ഹേഗന്‍: യു.ഇ.എഫ്.എ നേഷന്‍സ് ലീഗില്‍ ഡെന്മാര്‍ക്കിനെതിരായ നിര്‍ണായക മത്സരത്തിന് തൊട്ടുമുമ്പ് പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായി ഉടലെടുത്ത ഭിന്നതയെ തുടര്‍ന്നാണ് 41-കാരനായ റൊണാള്‍ഡോയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. താന്‍ ക്യാമ്പ് വിടാനുണ്ടായ യഥാര്‍ത്ഥ കാരണങ്ങള്‍ യഥാസമയം വെളിപ്പെടുത്തുമെന്ന് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
വ്യാഴാഴ്ച ഡെന്മാര്‍ക്കിനെതിരെ നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ കളിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് പരിശീലകന്‍ ജോര്‍ജ്ജ് ജീസസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവം. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായി സംസാരിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടത്. 'പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ സ്‌നേഹിക്കുന്ന പോര്‍ച്ചുഗീസ് ജനതയോട് ക്യാമ്പ് വിടാനുണ്ടായ സത്യം ഞാന്‍ യഥാസമയം വെളിപ്പെടുത്തും. ഇപ്പോള്‍ പോര്‍ച്ചുഗല്‍ ടീമിനും സഹതാരങ്ങള്‍ക്കും നന്മകള്‍ നേരുന്നു' - റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ഞായറാഴ്ച നോര്‍വേയ്ക്കെതിരെയുള്ള മത്സരത്തിലും റൊണാള്‍ഡോ കളിച്ചിരുന്നില്ല. അതിനുശേഷം ടീമിനൊപ്പം പരിശീലനം നടത്താതിരുന്നതാണ് പരിശീലകനുമായി താരം അസ്വാരസ്യത്തിലാണെന്ന വാര്‍ത്തകള്‍ക്ക് വഴിമരുന്നിട്ടത്. എന്നാല്‍ റൊണാള്‍ഡോയുമായി യാതൊരുവിധ വ്യക്തിവിരോധവുമില്ലെന്ന് പരിശീലകന്‍ ജോര്‍ജ്ജ് ജീസസ് വ്യക്തമാക്കി. 'തീരുമാനങ്ങള്‍ എടുക്കുന്നത് പരിശീലകനാണ്, അതിന് എല്ലാവര്‍ക്കും ഒരേ നിയമമാണ് ബാധകം. റൊണാള്‍ഡോയ്ക്ക് പകരം ഗോണ്‍സാലോ റാമോസ് ആദ്യ ഇലവനില്‍ ഇറങ്ങും. എന്നാല്‍ റൊണാള്‍ഡോയുടെ കരിയറും ചരിത്രവും മുന്‍നിര്‍ത്തി അദ്ദേഹത്തിന് പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്,' ജീസസ് പറഞ്ഞു.
നോര്‍വേക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ ദീര്‍ഘനേരം വാം-അപ്പ് ചെയ്യിച്ച ശേഷം ഗ്രൗണ്ടിലിറക്കാതിരുന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും ഏതൊരു കളിക്കാരനും അതില്‍ വിഷമം തോന്നുമെന്നും ജീസസ് സമ്മതിച്ചു. ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടെങ്കിലും ബാക്കിയുള്ള 24 അംഗ സംഘവുമായി മുന്നോട്ട് പോകുമെന്ന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. നിലവില്‍ നെഷന്‍സ് ലീഗ് ഗ്രൂപ്പ് A4-ല്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റോടെ പോര്‍ച്ചുഗലാണ് ഒന്നാമത്. ഡെന്മാര്‍ക്കും നോര്‍വേയും 3 പോയിന്റ് വീതവുമായി പിന്നിലുണ്ട്. കരിയറില്‍ 1,000 ഗോളുകള്‍ എന്ന അപൂര്‍വ്വ നാഴികക്കല്ലിന് തൊട്ടടുത്ത് നില്‍ക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ റൊണാള്‍ഡോയുടെ ഈ പിന്‍വാങ്ങല്‍ പോര്‍ച്ചുഗീസ് ഫുട്‌ബോളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരിശീലകനുമായി ഭിന്നത: ഡെന്മാര്‍ക്കിനെതിരായ പോരാട്ടത്തിന് തൊട്ടുമുമ്പ് പോര്‍ച്ചുഗല്‍ ക്യാമ്പ് ഉപേക്ഷിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ