എഐ ഉള്ളടക്കം തിരിച്ചറിയാൻ ഇനി രഹസ്യ വാട്ടർമാർക്ക്; പുതിയ നീക്കവുമായി ആന്ത്രോപിക്
ന്യൂഡൽഹി: നിർമിതബുദ്ധി (എഐ) വ്യാപകമായതോടെ മനുഷ്യൻ തയ്യാറാക്കിയ ഉള്ളടക്കവും എഐ സൃഷ്ടിച്ച ഉള്ളടക്കവും വേർതിരിച്ചറിയുക കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എഐ സൃഷ്ടിച്ച ഉള്ളടക്കം തിരിച്ചറിയാൻ ടെക്സ്റ്റിൽ അദൃശ്യ വാട്ടർമാർക്ക് ഉൾപ്പെടുത്താനുള്ള പുതിയ സംവിധാനവുമായി പ്രമുഖ എഐ കമ്പനി ആന്ത്രോപിക്.
ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ സൃഷ്ടിക്കുന്ന ടെക്സ്റ്റുകളിൽ ഉപയോക്താക്കൾക്ക് നേരിട്ട് തിരിച്ചറിയാനാകാത്ത തരത്തിലുള്ള രഹസ്യ സിഗ്നൽ ഉൾപ്പെടുത്താനാണ് തീരുമാനം. എഐ സൃഷ്ടിച്ച ഉള്ളടക്കം മറ്റൊരിടത്തേക്ക് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താലും ഈ അദൃശ്യ വാട്ടർമാർക്ക് നിലനിൽക്കുമെന്നാണ് കമ്പനി പറയുന്നത്.
യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50(2) പ്രകാരമുള്ള കോഡ് ഓഫ് പ്രാക്ടീസിൽ ആന്ത്രോപിക് ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറക്കുന്ന ക്ലോഡ് മോഡലുകളിൽ വാട്ടർമാർക്കിങ് സംവിധാനം ഉൾപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. സംവിധാനം ലോകമെമ്പാടും ലഭ്യമാക്കുമെന്നും ആന്ത്രോപിക് അറിയിച്ചു.
എഡിറ്റിങ്ങിനെയും ഒരു പരിധിവരെ അതിജീവിക്കും
ക്ലോഡ് എഐ മോഡലുകൾ സൃഷ്ടിക്കുന്ന ടെക്സ്റ്റിലാണ് വാട്ടർമാർക്ക് ഉൾപ്പെടുത്തുക. ഉള്ളടക്കം പകർത്തി മറ്റൊരു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചാലും വാട്ടർമാർക്ക് നിലനിൽക്കും. ടെക്സ്റ്റിൽ ചെറിയ തോതിൽ മാറ്റങ്ങൾ വരുത്തിയാലും വാട്ടർമാർക്ക് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണ് സംവിധാനം രൂപകൽപ്പന ചെയ്യുന്നതെന്നാണ് ആന്ത്രോപിക് വ്യക്തമാക്കുന്നത്.
എന്നാൽ വാട്ടർമാർക്ക് കണ്ടെത്തുന്നതിനുള്ള ഡിറ്റക്ഷൻ സംവിധാനം കൃത്യമായി എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാട്ടർമാർക്കുകൾ കണ്ടെത്തുന്നതിനുള്ള ടൂളുകൾ ഉപയോക്താക്കൾക്കും മൂന്നാം കക്ഷികൾക്കും ലഭ്യമാക്കാനാണ് ആന്ത്രോപിക്കിന്റെ പദ്ധതി.
ക്ലോഡ് സേവനങ്ങൾക്കെല്ലാം ബാധകം
ക്ലോഡ്, ക്ലോഡ് പ്ലാറ്റ്ഫോം (API), ക്ലോഡ് കോഡ്, ക്ലോഡ് കോവർക്ക്, ക്ലോഡ് ടാഗ് എന്നിവയുൾപ്പെടെയുള്ള ക്ലോഡ് മോഡലുകളിൽ പുതിയ വാട്ടർമാർക്കിങ് സംവിധാനം ബാധകമാകും. AWS, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് ഫൗണ്ടറി തുടങ്ങിയ ക്ലൗഡ് പ്ലാറ്റ്ഫോമുകളിലൂടെ ക്ലോഡ് മോഡലുകൾ ഉപയോഗിക്കുമ്പോഴും വാട്ടർമാർക്ക് ഉൾപ്പെടുമെന്ന് കമ്പനി അറിയിച്ചു.
എഐ സൃഷ്ടിച്ച ഉള്ളടക്കം തിരിച്ചറിയുന്നതിനും അതിന്റെ ഉറവിടം സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആന്ത്രോപിക് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. എഐയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് കമ്പനികളും സമാനമായ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.