അജിത് കുമാറിന് പങ്ക്: രക്ഷാപ്രവര്‍ത്തന കേസില്‍ അജിത്കുമാറിന് കുരുക്കായി മൊഴികള്‍; സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: ആലപ്പുഴ 'രക്ഷാപ്രവര്‍ത്തന' കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന പോലീസ് മേധാവി. കേസില്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍, ഡിവൈഎസ്പിമാരായ അരുണ്‍ കെ.എസ്., സുനില്‍രാജ് എന്നിവര്‍ നല്‍കിയ മൊഴികളാണ് എഡിജിപിക്ക് തിരിച്ചടിയായത്. കേസ് ഡയറി നേരിട്ട് പരിശോധിച്ച അന്നത്തെ എഡിജിപി എം.ആര്‍. അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണത്തിന്റെ ദിശ ചോദ്യം ചെയ്യുകയും ചെയ്തതായി ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍ മൊഴി നല്‍കി. 'മുഖ്യമന്ത്രിയുടെ പി.എസ്.ഒമാര്‍ക്കെതിരെയുള്ള കേസ് നാളെത്തന്നെ റഫര്‍ ചെയ്യണം', 'അന്വേഷണം പൂര്‍ത്തിയായെന്നും റഫര്‍ നോട്ടീസിനായി മാത്രമാണ് കാത്തിരിക്കുന്നതെന്നും കരുതുന്നു' എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ എഡിജിപിയുടെ ഓഫീസില്‍ നിന്നും എസ്.പിമാര്‍ വഴി ലഭിച്ചിരുന്നതായി ഡിവൈ.എസ്.പി സുനില്‍രാജും വെളിപ്പെടുത്തി. എഡിജിപിയുടെ ഓഫീസിലെ ഗ്രേഡ് എസ്.ഐ ഗിരീഷ്, എസ്.ഐ ശ്രീകാന്ത് എന്നിവരും കേസ് അട്ടിമറിച്ച് 'റഫര്‍ റിപ്പോര്‍ട്ട്' തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി എസ്.ഐ.ടി റിപ്പോര്‍ട്ടിലുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
എസ്.ഐ.ടി കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി നല്‍കിയ മെമ്മോയ്ക്ക് അജിത് കുമാര്‍ നല്‍കിയ ഇടക്കാല മറുപടി തൃപ്തികരമല്ലെന്ന് ഡിജിപി സര്‍ക്കാരിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് വിസ്തരിക്കണമെന്ന അജിത് കുമാറിന്റെ ആവശ്യവും ഡിജിപി തള്ളി. 'സി.ആര്‍.പി.സി സെക്ഷന്‍ 36 പ്രകാരം ഒരു മേലുദ്യോഗസ്ഥന് അന്വേഷണത്തില്‍ ഇടപെടാമെങ്കിലും അത് നിയമപരവും നീതി ഉറപ്പാക്കുന്നതിനും വേണ്ടിയായിരിക്കണം. എന്നാല്‍ ഇവിടെ അജിത് കുമാറിന്റെ ഇടപെടല്‍ നിയമവിരുദ്ധവും, ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിനും പ്രതികളെ രക്ഷിക്കുന്നതിനും കാരണമായി. അതിനാല്‍ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) റൂള്‍സ്, 1969 പ്രകാരം അജിത്കുമാറിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.