ഇനി ഫോൺ നമ്പർ കൊടുക്കാതെയും വാട്‌സാപ്പ് ഉപയോഗിക്കാം! ഉപയോക്താക്കൾ കാത്തിരുന്ന വിപ്ലവകരമായ മാറ്റം വരുന്നു
ടെക് ഡെസ്ക്: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ 99 ശതമാനം ആളുകളും ആശ്രയിക്കുന്ന ജനപ്രിയ മെസ്സേജിംഗ് ആപ്പാണ് വാട്‌സാപ്പ്. എന്നാൽ, വാട്‌സാപ്പ് ഉപയോഗിക്കാൻ സ്വന്തം ഫോൺ നമ്പർ നൽകണം എന്നത് പലർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും ബിസിനസ്സ് രംഗത്തുള്ളവർക്കും വലിയൊരു സുരക്ഷാ വെല്ലുവിളിയായിരുന്നു. ഏതെങ്കിലും ഗ്രൂപ്പുകളിൽ അംഗമാകുമ്പോൾ അപരിചിതർക്ക് വരെ ഫോൺ നമ്പർ പരസ്യമാകുന്ന അവസ്ഥയ്ക്ക് ഇപ്പോഴിതാ മെറ്റ പരിഹാരം കാണുന്നു.
ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന, സ്വകാര്യതയ്ക്ക് അതീവ പ്രാധാന്യം നൽകുന്ന 'യൂസർനെയിം' (Username) ഫീച്ചർ ഉടൻ തന്നെ വാട്‌സാപ്പിൽ ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കുടുംബവുമായോ, സുഹൃത്തുക്കളുമായോ, ബിസിനസ്സ് ആവശ്യങ്ങൾക്കായോ ചാറ്റ് ചെയ്യാൻ നിങ്ങളുടെ വ്യക്തിപരമായ ഫോൺ നമ്പർ പങ്കിടേണ്ടി വരില്ല. പകരം, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു യൂസർനെയിം മാത്രം നൽകിയാൽ മതിയാകും.
നിങ്ങളെ ആരെങ്കിലും ഏതെങ്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്താൽ പോലും, ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് നിങ്ങളുടെ ഫോൺ നമ്പറിന് പകരം ഈ ഉപയോക്തൃനാമം (Username) മാത്രമായിരിക്കും കാണാൻ സാധിക്കുക. ഇത് ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കാൻ സഹായിക്കും.
നിലവിൽ ലോകമെമ്പാടുമായി മൂന്ന് ബില്യണിലധികം ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലേതുപോലെ തന്നെ ഒരു പേരിൽ ഒരു യൂസർനെയിം മാത്രമേ വാട്‌സാപ്പിലും ലഭ്യമാകൂ. വരും മാസങ്ങളിൽ തന്നെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള യൂസർനെയിമുകൾ റിസർവ് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കും.ഓരോ രാജ്യങ്ങളിലും ഈ സേവനം ലഭ്യമാകുന്ന മുറയ്ക്ക് ഉപയോക്താക്കൾക്ക് ആപ്പിലൂടെ തന്നെ കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും.
സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസ്സ് നടത്തുന്നവർക്കും പുതിയ ഫീച്ചർ ഏറെ പ്രയോജനപ്പെടും. ഇവർക്ക് തങ്ങളുടെ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ നിലവിലുള്ള അതേ യൂസർനെയിം തന്നെ വാട്‌സാപ്പിലും ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കസ്റ്റമേഴ്സിന് ബ്രാൻഡുകളെ എളുപ്പത്തിൽ തിരിച്ചറിയാനും ഫോൺ നമ്പർ കൈമാറാതെ തന്നെ ബിസിനസ്സ് ചാറ്റുകൾ നടത്താനും സാധിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.