തിരുവനന്തപുരം: സംസ്ഥാനത്തെ ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അതാത് എം.എൽ.എമാർ അധ്യക്ഷന്മാരായ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ അറിയിച്ചു. നാടിന്റെ കുടിവെള്ള പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിനാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇത്തരമൊരു സമിതിക്ക് രൂപം നൽകുന്നത്.
നിലവിലുള്ള നിയമസഭാ സമ്മേളനം കഴിഞ്ഞാൽ ഉടൻതന്നെ എല്ലാ ജില്ലകളിലും എം.എൽ.എമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കും. ഈ യോഗങ്ങളിൽ അതത് പ്രദേശങ്ങളിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ആവശ്യമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജലപ്രതിസന്ധി പരിഹരിക്കാൻ എം.എൽ.എമാർ അധ്യക്ഷന്മാരായ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീകരിക്കും; നിയമസഭയിൽ മന്ത്രി മോൻസ് ജോസഫ്