അപകടദിവസം കാർ മണിക്കൂറിൽ 163 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമിതവേഗതയിൽ വാഹനം പായിക്കുന്നത് പ്രതിയുടെ സ്ഥിരം ശീലമാണെന്നും, പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ മൂന്നാം പ്രതി ജോയൽ അപകടത്തിന് ശേഷം സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പൊലീസ് കോടതിയിൽ ഹാജരാക്കിയത് പ്രതികൾക്ക് വലിയ തിരിച്ചടിയായി. ഒക്ടോബർ 11-ന് രാവിലെ 9.25-ന് അയച്ച ഈ ഓഡിയോ സന്ദേശത്തിൽ പ്രതികൾ മദ്യപിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. ബാറിൽ പോയി മദ്യപിച്ചെന്നും, തിരിച്ചുവരുന്ന വഴി വണ്ടി സ്പീഡിലാണ് ഓടിച്ചതെന്നും സ്കൂട്ടറിലിടിച്ച മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു.
ഒക്ടോബർ 11-ന് പുലർച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിന് സമീപം നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. വയനാട് മടക്കിമല സ്വദേശി ദേവിക (21), മംഗലാപുരം സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശി ഗോപിക (21) എന്നിവരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്.