ടെൽ അവീവ: ഇസ്രായേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും ഭരണത്തിലേറാൻ സാധ്യത തെളിയുന്നു. എക്‌സിറ്റ് പോളുകൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ലെങ്കിലും, പകുതിയിലധികം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകളിൽ ലീഡ് നേടി മുന്നിലെത്തി. 53.7 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ പാർട്ടി 22 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
120 അംഗങ്ങളുള്ള നെസറ്റിൽ കേവലഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ പിന്തുണയാണ് ആവശ്യമായിട്ടുള്ളത്. നിലവിൽ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യം 55 സീറ്റുകളിൽ മുന്നേറുമ്പോൾ, എതിർപക്ഷ സഖ്യത്തിന് 50 സീറ്റുകളിലാണ് ലീഡുള്ളത്. പ്രാഥമിക ഫലസൂചനകൾ പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിന്റെ അനുയായികൾ രാജ്യത്തുടനീളം ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ നെതന്യാഹുവിന് മുൻതൂക്കം ലഭിച്ചെങ്കിലും, അദ്ദേഹത്തോട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഗാദി ഐസൻകോട്ട് ആവശ്യപ്പെട്ടു. അന്തിമഫലം പുറത്തുവരുമ്പോൾ വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഐസൻകോട്ട്, രാജ്യത്തെ വോട്ടർമാർ നെതന്യാഹുവിന്റെ നേതൃത്വത്തെ തള്ളിക്കളഞ്ഞതായും അവകാശപ്പെട്ടു. ടെൽ അവീവിലെ തന്റെ 'യഷാർ' പാർട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്യവെയാണ് മുൻ സൈനിക മേധാവി കൂടിയായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേലിലെ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തിരിക്കുന്നതെന്നും വിപുലമായ ഭരണ മുന്നണി രൂപീകരിക്കുമെന്നും ഐസൻകോട്ട് പ്രഖ്യാപിച്ചു. മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ തള്ളിയിടുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും ജനങ്ങളുടെ ആഗ്രഹം നടപ്പിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇസ്രായേലിന്റെ സുരക്ഷ ഉപയോഗിക്കാൻ മുതിരരുതെന്ന് നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക് തുടക്കമിട്ട് അനുയായികൾ