പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിൽനിന്ന് എംആർഎഫിനായി ഇറക്കുമതി ചെയ്ത 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ വഹിച്ചുകൊണ്ടുള്ള 60 കണ്ടെയ്നറുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി) എത്തുന്ന ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കമാണിത്. നിലവിൽ മുംബൈ വഴി ചരക്കുകൾ എത്തിക്കുമ്പോൾ ഉണ്ടാകുന്ന ഏകദേശം ഒരു മാസത്തെ കാലതാമസം ഒഴിവാക്കി, ചരക്കുനീക്കം ഏറെ വേഗത്തിലാക്കാൻ പുതിയ പാത സഹായിക്കും.
വിഴിഞ്ഞത്ത് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചരക്കുകൾ കൊച്ചിയിലെ എംആർഎഫ് വെയർഹൗസിലേക്ക് മാറ്റും. ഇറക്കുമതിക്ക് ശേഷം ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താനാകുമെന്നത് വ്യാപാരികൾക്ക് സമയവും ചെലവും ലാഭിക്കാൻ വഴിയൊരുക്കും. കോട്ടയം ഐസിഡിയുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനൊപ്പം കേരളത്തിന്റെ തുറമുഖ-വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളിൽ പുതിയ മുന്നേറ്റത്തിന് ഈ നീക്കം കരുത്തേകും. 'മിഷൻ സമുദ്ര'യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ നിർണ്ണായക നാഴികക്കല്ലായും ഇത് വിലയിരുത്തപ്പെടുന്നു.
വിഴിഞ്ഞം വഴി കോട്ടയത്തേക്ക് ആദ്യ വൻ ഇറക്കുമതി: എംആർഎഫിനായി 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ എത്തി