ത്യാഗരാജൻ കുമാരരാജയുടെ സംവിധാനത്തിൽ വിജയ് സേതുപതി നായകനാകുന്ന ‘പോക്കറ്റ് നോവൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ ഒന്നിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീത പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ചില കഥകൾ പറഞ്ഞറിയിക്കുന്നതിനേക്കാൾ കേട്ടറിയുന്നതാണ് നല്ലത്’ എന്ന കൗതുകകരമായ വാചകത്തോടെയാണ് ഗാനത്തിന്റെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന അപ്‌ഡേറ്റ് നാളെ പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ത്യാഗരാജൻ കുമാരരാജയും എസ്.ഡി. എഴിൽമതിയും ചേർന്ന് ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി 14-ന് പൊങ്കൽ റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
‘ആരണ്യകാണ്ഡം’, ‘സൂപ്പർ ഡീലക്സ്’ എന്നീ ചിത്രങ്ങളിലൂടെ തന്റേതായ തനത് ചലച്ചിത്രഭാഷയും ആഖ്യാനശൈലിയും അടയാളപ്പെടുത്തിയ സംവിധായകനാണ് ത്യാഗരാജൻ കുമാരരാജ. ‘സൂപ്പർ ഡീലക്സി’ന് ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും കൈകോർക്കുന്നു എന്നതുതന്നെയാണ് ‘പോക്കറ്റ് നോവലി’ന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രഖ്യാപന വേള മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ആകാംക്ഷയുണർത്തിയ ചിത്രമാണിത്. സംവിധായകന്റെ പതിവ് വ്യത്യസ്തമായ അവതരണശൈലി നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ വിശാലമായ പ്രേക്ഷകവിഭാഗങ്ങളിലേക്ക് എത്തുന്ന ഒരു കഥാലോകമാണ് ഇത്തവണ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.
ആകെ അഞ്ച് ഗാനങ്ങളുള്ള ഈ ചിത്രത്തിൽ ഡ്രാമ, ഉദ്വേഗം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയ്‌ക്കൊപ്പം പ്രേക്ഷകർക്ക് ഏറെ അടുപ്പം തോന്നുന്ന കഥാപാത്രങ്ങളും അണിനിരക്കുന്നുണ്ട്. സാധാരണക്കാരുടെ നിത്യജീവിതത്തിലെ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ ആഴവും പ്രമേയമാക്കിയാണ് കഥ വികസിക്കുന്നത്. തിയേറ്ററുകളിലെ വലിയ സ്ക്രീനിൽ തന്നെ കണ്ടാസ്വദിക്കേണ്ട മികച്ചൊരു ദൃശ്യാനുഭവമായാണ് ‘പോക്കറ്റ് നോവൽ’ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആൻഡ്രൂ ലൂയിസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
വിജയ് സേതുപതിക്ക് പുറമെ മാളവിക മോഹനൻ, രാജ് ബി. ഷെട്ടി, കിഷോർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറും ത്യാഗരാജൻ കുമാരരാജയും രണ്ടാം തവണ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സംവിധായകന്റെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കൂടിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഇപ്പോൾ റിലീസിന് പൂർണ്ണ സജ്ജമായിരിക്കുകയാണ്. ജനുവരി 14-ന് പൊങ്കൽ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
അണിയറപ്രവർത്തകർ:
നിർമ്മാണം: ത്യാഗരാജൻ കുമാരരാജ, എസ്.ഡി. എഴിൽമതി | ബാനറുകൾ: ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് | സംവിധാനം: ത്യാഗരാജൻ കുമാരരാജ | കഥ, തിരക്കഥ: ആൻഡ്രൂ ലൂയിസ് | സംഗീതം: ജി.വി. പ്രകാശ് കുമാർ | ഛായാഗ്രഹണം: നിരവ് ഷാ | എഡിറ്റിംഗ്: സത്യരാജ് നടരാജൻ | കലാസംവിധാനം: വി. ഷൺമുഖരാജ | സംഘട്ടനം: ദിലീപ് സുബ്ബരായൻ | വസ്ത്രാലങ്കാരം: എസ്.ഡി. എഴിൽമതി | പിആർഒ: ശബരി.