ന്യൂഡൽഹി: സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ കർശനമായി നിയന്ത്രിക്കുന്നതിനായി സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. പുതിയ നിർദേശമനുസരിച്ച് കാറുകൾക്ക് നാല് വർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഒറ്റപ്രീമിയം ഇൻഷുറൻസ് പോളിസി ഏർപ്പെടുത്താനാണ് നീക്കം. ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാന ഇൻഷുറൻസ് നിരക്കുകളും പുതുക്കി നിശ്ചയിക്കും.
പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ പുതിയ കാറുകളുടെ തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി നാല് വർഷമായി ഉയരും. എല്ലാ വർഷവും പോളിസി പുതുക്കുന്നതിന് പകരം ദീർഘകാലത്തേക്ക് ഒന്നിച്ച് ഇൻഷുറൻസ് എടുക്കാനുള്ള സൗകര്യവും വാഹന ഉടമകൾക്ക് ലഭിക്കും.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന 'നോ ഇൻഷുറൻസ്, നോ ഫ്യൂവൽ' (No Insurance, No Fuel) പദ്ധതി രാജ്യവ്യാപകമാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. പെട്രോൾ പമ്പുകളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ വഴി വാഹനത്തിന്റെ ഇൻഷുറൻസ് വിവരങ്ങൾ തത്സമയം പരിശോധിച്ച ശേഷമായിരിക്കും ഇന്ധനം നൽകുക.
നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 81 ശതമാനം വാഹനങ്ങൾക്ക് മാത്രമാണ് സാധുവായ ഇൻഷുറൻസ് പരിരക്ഷയുള്ളത്. 12 ശതമാനം കാറുകളും, 20 ശതമാനം ഇരുചക്രവാഹനങ്ങളും, 43 ശതമാനം മുച്ചക്രവാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തുകളിൽ ഓടുന്നത്. ഇത് അപകടസമയങ്ങളിൽ വലിയ സാമ്പത്തിക-നിയമ പ്രതിസന്ധികൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കേണ്ട; കാറുകൾക്ക് 4 വർഷത്തേക്കും ബൈക്കുകൾക്ക് 6 വർഷത്തേക്കും ഒറ്റ പോളിസി വരുന്നു