ന്യൂഡല്‍ഹി: പാക്കേജ്ഡ് കുടിവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളില്‍ പരിശോധനകളും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ദ്ദേശിച്ചു. പതിവ് പരിശോധനകള്‍ക്ക് പുറമെ അപകടസാധ്യത അടിസ്ഥാനമാക്കി സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരോടും റീജിയണല്‍ ഡയറക്ടര്‍മാരോടും എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു.
ബിസ്ലേരി കുടിവെള്ള സാമ്പിളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. സുരക്ഷിതമല്ലാത്ത കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്ലേരി ഇന്റര്‍നാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എഫ്എസ്എസ്എഐ നേരത്തെ അനുമതി നല്‍കിയിരുന്നു.
കുടിവെള്ളത്തില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിസ്ലേരിക്കെതിരെ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന്, 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്റ്റ് പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാമത്തെ പരിശോധനയിലും കുടിവെള്ളം സുരക്ഷിതമല്ലെന്ന് തെളിഞ്ഞതോടൊപ്പം, പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യവും സ്ഥിരീകരിക്കുകയായിരുന്നു.
കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി എഫ്എസ്എസ്എഐ
കുടിവെള്ളത്തില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിസ്ലേരിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.