പശ്ചിമേഷ്യയിൽ യുദ്ധമൊടുങ്ങുന്നു; യുദ്ധം അവസാനിപ്പിക്കാൻ ധാരണ പത്രത്തിൽ ഡിജിറ്റലായി ഒപ്പുവച്ച് ട്രംപും വാൻസും
ലോകരാജ്യങ്ങളെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലാഴ്ത്തിയ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യു.എസും ഇറാനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല സമാധാന കരാർ ഡിജിറ്റലായി ഒപ്പുവെച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും.
ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസോ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. കരാറിന്റെ ഭാഗമായി ഇറാനുമേലുള്ള യു.എസ് നാവിക ഉപരോധം നീക്കാനും ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.കരാർ ഒപ്പിട്ടാലുടൻ എല്ലാ വാണിജ്യക്കപ്പലുകളെയും ഹോർമുസിലൂടെ കടത്തിവിടുമെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഒമാനുമായി സഹകരിച്ചാകും ഹോർമുസിലെ ഗതാഗതം ഇറാൻ നിയന്ത്രിക്കുക. 30 ദിവസത്തിനുള്ളിൽ കടലിലെ നേവൽ മൈനുകൾ നീക്കി ചരക്കുഗതാഗതം പഴയപടിയാക്കും.ഇറാന്റെ ആണവ പദ്ധതി, സാമ്പത്തിക ഉപരോധം തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങൾ 60 ദിവസത്തിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കും. ഇതിലൂടെ അന്തിമ സമാധാന കരാറിലെത്തി പശ്ചിമേഷ്യൻ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
അതേസമയം, പുതിയ കരാറിനോട് ഇസ്രയേൽ അനുകൂലമായല്ല പ്രതികരിക്കുന്നത്. തെക്കൻ ലെബനനിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. തങ്ങൾ നേരിട്ട് കരാറിന്റെ ഭാഗമല്ലാത്തതിനാൽ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരുടെ നിലപാട്.ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ എൽ.എൻ.ജി ടാങ്കർ സുരക്ഷിതമായി പാത കടന്നു. ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം നിയന്ത്രിക്കുന്ന 'ദിശ' എന്ന കപ്പലാണ് ഹോർമുസ് കടന്നത്. ഖത്തറിലെ റാസ് ലഫാനിൽ നിന്ന് 62,370 ടൺ എൽ.എൻ.ജിയുമായി പുറപ്പെട്ട കപ്പൽ, കരാർ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ പുലർച്ചെയാണ് ഹോർമുസ് പാത വിജയകരമായി പിന്നിട്ടത്. കപ്പൽ വ്യാഴാഴ്ച ഗുജറാത്ത് തീരത്തെത്തും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.