Logo
Mon, Jun 15, 2026 • 06:30 PM
LIVE TV
Watch

No business videos available

No Middle East videos available

റോക്കറ്റ് വെൽഡർ ഇനി കോടീശ്വരൻ; ഇലോൺ മസ്ക് വിപണി പിടിച്ചപ്പോൾ ഭാഗ്യം തുണച്ച സാധാരണക്കാരൻ!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 15, 2026
1 min read
SHARE:
SAVE: Login to save

റോക്കറ്റ് വെൽഡർ ഇനി കോടീശ്വരൻ; ഇലോൺ മസ്ക് വിപണി പിടിച്ചപ്പോൾ ഭാഗ്യം തുണച്ച സാധാരണക്കാരൻ!



ഇലോൺ മസ്കിനെ ചരിത്രത്തിലെ ആദ്യ 'ട്രില്യനയർ' ആക്കി മാറ്റിയ സ്പേസ് എക്സിന്റെ വിപണി പ്രവേശം കമ്പനിയിലെ സാധാരണക്കാരായ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതമാണ് ഒറ്റരാത്രികൊണ്ട് മാറ്റിമറിച്ചത്. അതിൽ സോഷ്യൽ മീഡിയയിലടക്കം ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സ്പേസ് എക്സിലെ മുൻ വെൽഡറായ ജുവാൻ ഹെർണാണ്ടസിന്റെ അവിശ്വസനീയമായ കോടീശ്വര കഥയാണ്.

കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ, തന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഒരു മില്യൺ ഡോളർ (ഇന്ത്യൻ വിപണിയിൽ ഏകദേശം 9.51 കോടി രൂപ) കടന്ന വിവരം ഹെർണാണ്ടസ് തന്നെയാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.

മണിക്കൂർ കൂലിയിൽ നിന്ന് കോടീശ്വരനിലേക്ക്

2015-ൽ വെൽഡറായി ജോലിക്ക് കയറുമ്പോൾ 'സ്പേസ് എക്സ്' എന്ന കമ്പനിയെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലായിരുന്നുവെന്ന് ഹെർണാണ്ടസ് പറയുന്നു. അവിടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് വഴിയാണ് താത്കാലിക കരാർ അടിസ്ഥാനത്തിൽ അദ്ദേഹം വെൽഡിങ് ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് മണിക്കൂർ കൂലിക്ക് മാത്രം പണിയെടുത്തു ശീലിച്ച ഹെർണാണ്ടസിന്, ശമ്പളത്തിന് പുറമെ സ്പേസ് എക്സ് നൽകിയ 10,000 ഡോളർ മൂല്യമുള്ള 6,500 ഓഹരികൾ ഒരു വലിയ അദ്ഭുതമായിരുന്നു.

"സാധാരണ ഒരു വെൽഡിങ് ജോലിക്ക് ആരും ഓഹരികൾ തരാറില്ല. അതുകൊണ്ട് തന്നെ അന്ന് എനിക്ക് ലഭിച്ച ഓഹരികളുടെ മൂല്യം എത്രത്തോളമാണെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ഈ കമ്പനി ഭാവിയിൽ ഇത്രയും വലിയൊരു വിജയമാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതുമില്ല" - ഹെർണാണ്ടസ് ഓർക്കുന്നു.

സ്പേസ് എക്സിൽ റോക്കറ്റുകൾ വിക്ഷേപണ തറയിൽ ഉറപ്പിച്ചു നിർത്തുന്നതിനുള്ള ഭീമാകാരമായ ഇരുമ്പ് ഘടനകൾ വെൽഡ് ചെയ്യുന്ന ജോലിയിലായിരുന്നു ഹെർണാണ്ടസ് ഏർപ്പെട്ടിരുന്നത്. പിന്നീട്, പത്ത് വർഷത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം കമ്പനിയിലെ സൂപ്പർവൈസർ പദവിയിലേക്ക് ഉയർന്നു. നിലവിൽ ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള 'ബ്ലൂ ഒറിജിൻ' എന്ന റോക്കറ്റ് കമ്പനിയിലാണ് ഹെർണാണ്ടസ് ജോലി ചെയ്യുന്നത്.

ഓഹരി വിപണിയിൽ സ്പേസ് എക്സിന്റെ കുതിപ്പോടെ ഹെർണാണ്ടസിന്റെ കൈവശമുള്ള 6,500 ഓഹരികളുടെ മൂല്യം 1,046,175 ഡോളറായി ഉയരുകയായിരുന്നു. തന്റെ സാമ്പത്തിക സ്ഥിതി പൂർണമായും മാറിയെങ്കിലും ജോലി ഉപേക്ഷിക്കാൻ തനിക്ക് ഭാവമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വലിയ തുക മക്കളുടെ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനായി മാറ്റിവെക്കാനാണ് ഹെർണാണ്ടസിന്റെ തീരുമാനം. തന്റെ കൗമാരക്കാരിയായ മകളെ അദ്ദേഹം ഇതിനകം തന്നെ ഷെയർ മാർക്കറ്റിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

കമ്പനിയുടെ ലാഭവിഹിതം ജീവനക്കാർക്ക് കൂടി ഓഹരികളായി നൽകുന്ന ഇലോൺ മസ്കിന്റെ നയം തന്നെയാണ് സ്പേസ് എക്സിന്റെ വിജയത്തിന് പിന്നിലെന്ന് ഹെർണാണ്ടസ് അടിവരയിടുന്നു. തങ്ങൾ പണിയെടുക്കുന്നത് സ്വന്തം കമ്പനിക്ക് വേണ്ടിയാണെന്ന ചിന്ത ജീവനക്കാരിൽ ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പേസ് എക്സിന്റെ ഈ വമ്പൻ വിപണി പ്രവേശം ഹെർണാണ്ടസിനെപ്പോലെ ആയിരക്കണക്കിന് സാധാരണ ജീവനക്കാരെയാണ് ഒറ്റയടിക്ക് മില്യനയർമാരാക്കി മാറ്റിയത്. കൂടാതെ ആഗോളതലത്തിലെ വലിയ നിക്ഷേപകർക്കും ഈ ഐ.പി.ഒ വൻ ലാഭമുണ്ടാക്കി നൽകി.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10