Logo
Sat, Jun 13, 2026 • 03:34 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളം കാത്തിരുന്ന മാറ്റം; റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി യു.ഡി.എഫിന്റെ തിരിച്ചുവരവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 05, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

കേരളം കാത്തിരുന്ന മാറ്റം; റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി യു.ഡി.എഫിന്റെ തിരിച്ചുവരവ്



കേരള രാഷ്ട്രീയത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 1960-ല്‍ നേടിയ 63 സീറ്റുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഇക്കുറി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. 2021-ല്‍ വെറും 21 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ്, അഞ്ചു വര്‍ഷത്തിനു ശേഷം 63-ലേക്ക് കുതിക്കുകയായിരുന്നു. 2001-ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ നേടിയ 100 സീറ്റുകള്‍ എന്ന യുഡിഎഫിന്റെ റെക്കോര്‍ഡിനേയും 102കള്‍ നേടിയതിലൂടെ പിന്നിലാക്കി. 

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ  കേരളം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ഒരു ഭരണവിരുദ്ധ തരംഗത്തിനാണ്. 140-ല്‍ 102 സീറ്റുകള്‍ നേടി യുഡിഎഫ് ആധിപത്യം ഉറപ്പിച്ചപ്പോള്‍, 63 സീറ്റുകളുമായി കോണ്‍ഗ്രസ് കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.
ചരിത്ര വിജയമാണിത്.  തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഈ വോട്ടെടുപ്പ് നല്‍കിയത്. മുഖ്യമന്ത്രിയുടെ കാബിനറ്റിലെ 13 മന്ത്രിമാരും പരാജയത്തിന്റെ കയ്പറിഞ്ഞു. മുഖ്യമന്ത്രിയുടെ മോശം പ്രതിച്ഛായയും ധാര്‍ഷ്ട്യവും ഭരണവിരുദ്ധ വികാരവും ജനവിധിയില്‍ പ്രതിഫലിച്ചു. 2021-ല്‍ 62 സീറ്റുകള്‍ നേടി കരുത്ത് കാട്ടിയ സിപിഎം ഇത്തവണ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 26 സീറ്റുകളിലേക്ക് ഒതുങ്ങി. 

കേരള ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് 1960-ലും 2026-ലുമാണ് . 63 സീറ്റുകള്‍ വീതമായിരുന്നു അത്. 1960ല്‍  ആകെ 126 സീറ്റുകളാണ് ഉണ്ടായിരുന്നത്. അതില്‍ 63 എണ്ണം കോണ്‍ഗ്രസ് നേടി. ശതമാനക്കണക്കില്‍ ഇതാണ് ഏറ്റവും വലിയ വിജയം - 50%. . 2001ല്‍ ആകെ 140 സീറ്റുകളില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് 100 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 62 സീറ്റുകളാണ് .  ഇത്തവണ 63 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയതോടെ, സീറ്റുകളുടെ എണ്ണത്തില്‍ 1960-ലെ റെക്കോര്‍ഡിനൊപ്പം എത്തി. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന ഒറ്റക്കക്ഷിയും കോണ്‍ഗ്രസ് ആയി മാറി. 

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ചുവപ്പില്‍ നിന്ന് വീണ്ടും ത്രിവര്‍ണ്ണത്തിലേക്ക് മാറിയ ഒന്നായിരുന്നു 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 102 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ അത് കേവലം ഒരു ഭരണവിരുദ്ധ വികാരമല്ല, മറിച്ച് കേരളം ആഗ്രഹിച്ച രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനമാണ്.  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും യുഡിഎഫ് വ്യക്തമായ മേധാവിത്തം സ്ഥാപിച്ചു.  യുഡിഎഫ് തരംഗത്തില്‍ മലപ്പുറം, വയനാട് ജില്ലകള്‍ പൂര്‍ണ്ണമായും യുഡിഎഫ് തൂത്തുവാരി. മധ്യകേരളത്തില്‍ എറണാകുളം , കോട്ടയം , ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും നല്‍കാന്‍ ജനങ്ങള്‍ തയ്യാറായില്ല. കഴിഞ്ഞ രണ്ടു തവണയും എല്‍ഡിഎഫ് കോട്ടയായിരുന്ന പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും കോണ്‍ഗ്രസ് പഴയ പ്രതാപം വീണ്ടെടുത്ത് ആധിപത്യം കാട്ടി.

കേരള രാഷ്ട്രീയത്തിന്റെ ചരിത്രവഴിയില്‍ 2026 ഒരു പുതിയ അധ്യായമാണ്. 'തുടര്‍ഭരണം' എന്ന ഇടതുപക്ഷ തന്ത്രത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണിത്. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഈ 'യുഡിഎഫ് തരംഗം' വലിയ സ്വാധീനം ചെലുത്തുമെന്നതില്‍ തര്‍ക്കമില്ല. കൃത്യമായ പ്ലാനിംഗും ഐക്യവും ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന് ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10