പുസ്തകത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും താന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നതായി സോണിയ ഗാന്ധി വ്യക്തമാക്കി. ചില വിമര്‍ശനങ്ങള്‍ മോശം ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും, ആത്മാര്‍ത്ഥമായ വിമര്‍ശനങ്ങള്‍ എപ്പോഴും ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായും സോണിയ കൂട്ടിച്ചേര്‍ത്തു.
തന്റെ കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും തെറ്റായ കഥകള്‍ക്കും മറുപടി നല്‍കാനാണ് ഈ പുസ്തകമെഴുതാന്‍ തീരുമാനിച്ചതെന്ന് സോണിയ ഗാന്ധി വെളിപ്പെടുത്തി. കുടുംബത്തെക്കുറിച്ച് പുറത്തുവരുന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരെയുള്ള കുടുംബാംഗങ്ങളെക്കുറിച്ചുള്ള തന്റെ അറിവുകളും വികാരങ്ങളും സത്യസന്ധമായി പങ്കുവെക്കാനാണ് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്ന് സോണിയ വ്യക്തമാക്കി.
രാഷ്ട്രീയ രംഗത്തുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ക്കും സമാനമായ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. പുറംലോകം പ്രചരിപ്പിക്കുന്ന കഥകള്‍ക്ക് പകരം, തന്റെ യഥാര്‍ത്ഥ ജീവിതകഥ കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഓര്‍മ്മകളിലേക്ക് വീണ്ടും മടങ്ങേണ്ടി വന്നതിനാല്‍ പുസ്തകരചന ഏറെ പ്രയാസകരമായിരുന്നുവെന്ന് സോണിയ തുറന്നുപറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെയും അപ്രതീക്ഷിത വിയോഗം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത വേദനയാണ് നല്‍കിയത്. ആ കടുത്ത മാനസികാഘാതത്തില്‍ പല ഓര്‍മ്മകളും തനിക്ക് മറന്നുപോയെന്നും, അതുകൊണ്ടുതന്നെ ആ ഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, തന്റെ ബാല്യകാല ഓര്‍മ്മകള്‍ വളരെ അനായാസമായാണ് എഴുതാന്‍ സാധിച്ചതെന്ന് സോണിയ ഗാന്ധി ഓര്‍ത്തെടുത്തു. രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷങ്ങളും, മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും ജനനവും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓര്‍മ്മകളായി പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.