തിരുവനന്തപുരം: ശബരിമല തീർഥാടകരെ സഹായിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് 'ശരൺ' വെബ് ആപ്പ് പുറത്തിറക്കി. തീർഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ ആവശ്യമായ സമഗ്രവിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. saran.lsgdpr.in എന്ന വെബ്സൈറ്റ് വഴിയോ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്തോ ക്രോം പോലുള്ള ബ്രൗസറുകളിൽ നേരിട്ട് ഈ സേവനം ഉപയോഗിക്കാം. പ്രത്യേക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നതും ഫോണിന്റെ ഹോം സ്‌ക്രീനിൽ എളുപ്പത്തിൽ ചേർത്തുവെക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്.
പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഐ.ടി. വിഭാഗം വികസിപ്പിച്ച 'ശരൺ' വെബ് ആപ്പ് മന്ത്രി കെ.എം. ഷാജി പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ആറ് ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. തീർഥാടനപാതകളിലെ ഇടത്താവളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, യാത്രാവിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ, ദിവസേനയുള്ള പൂജാസമയം എന്നിവയെല്ലാം വിരൽത്തുമ്പിൽ എത്തുന്നതോടെ യാത്ര കൂടുതൽ ജനസൗഹൃദമാകും.
ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് സമീപത്തുള്ള ഇടത്താവളങ്ങൾ ദൂരക്രമത്തിൽ കണ്ടെത്താനും പേര് നൽകി തിരയാനും സാധിക്കും. ഓരോ ഇടത്താവളത്തിലെയും ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി, കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, പാർക്കിങ്, മൊബൈൽ ചാർജിങ് പോയിന്റുകൾ, വൊളന്റിയർ സേവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ മുൻകൂട്ടി അറിയാനാകും. കൂടാതെ സമീപ ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, എ.ടി.എം., പെട്രോൾ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിൾ മാപ് വഴി ദിശയറിയാനും സംവിധാനമുണ്ട്.
അന്നദാനം, പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയുടെ വിവരങ്ങൾ തീയതിയും സമയവും സഹിതം നോട്ടിഫിക്കേഷനായി ലഭിക്കും; പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിന് ശേഷം ഇവ പൊതുപട്ടികയിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യും. ഇടത്താവളങ്ങളിലെ തത്സമയ തിരക്ക്, സൗകര്യങ്ങളുടെ ലഭ്യത, ഗതാഗത ക്രമീകരണങ്ങൾ, വഴിതിരിച്ചുവിടലുകൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവയും തത്സമയം അറിയാം. ഇടത്താവളങ്ങളിലെ ശുചിത്വവും സേവനനിലവാരവും വിലയിരുത്താനും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാനും തീർഥാടകർക്ക് അവസരമുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാനും 'ശരൺ' സഹായിക്കും. അപകടങ്ങളോ സുരക്ഷാ ഭീഷണികളോ ഉണ്ടായാൽ ലൊക്കേഷൻ വിവരങ്ങൾ സഹിതം പോലീസ്, ആരോഗ്യവകുപ്പ്, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവരിലേക്ക് ഒറ്റ സ്പർശത്തിൽ സഹായാഭ്യർഥന എത്തിക്കാം. യാത്രയ്ക്കിടെ കുട്ടികളെയോ മുതിർന്നവരെയോ കാണാതായാൽ ആപ്പിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്ത് ഉദ്യോഗസ്ഥരിലേക്ക് കൈമാറാനും സൗകര്യമുണ്ട്.
ഇടത്താവളങ്ങളിലെ സൗകര്യങ്ങളും ഹെൽപ്ലൈൻ നമ്പറുകളും അപ്ഡേറ്റ് ചെയ്യാനും പ്രാദേശിക അറിയിപ്പുകൾ പ്രസിദ്ധീകരിക്കാനും പരാതികൾ പരിഹരിക്കാനും നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ജില്ലാതല പ്രവർത്തനങ്ങളും വിവരങ്ങളും ജില്ലാ അഡ്മിനിസ്‌ട്രേറ്റർമാർ നിരീക്ഷിക്കും. തദ്ദേശസ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യ-ഗതാഗത വകുപ്പുകൾ, ദുരന്തനിവാരണ വിഭാഗം എന്നിവയെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഏകോപിപ്പിച്ചാണ് പ്രവർത്തനം.
ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്