ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചത് വെറുമൊരു വീഴ്ചയായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധി സംസാരിക്കുന്ന പ്രത്യേക വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. 'അച്ഛന്റെ സുരക്ഷ പിന്‍വലിച്ചത് ഒരു വീഴ്ചയായിരുന്നില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തിന് കാരണമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. പുസ്തകത്തിലില്ലാത്തതും പൊതുവേദികളില്‍ ഇതുവരെ പറയാത്തതുമായ കാര്യങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്വന്തം ഓര്‍മ്മകളില്‍ നിന്നാണ് 'ബിലോങ്ങിങ്' എഴുതിയതെന്നും, രാഹുലും പ്രിയങ്കയും അവരുടെ ഓര്‍മ്മകള്‍ കൂടി കൂട്ടിച്ചേര്‍ത്തതോടെ കഥകള്‍ക്ക് പുതിയൊരു ജീവന്‍ ലഭിച്ചുവെന്നും സോണിയ ഗാന്ധി പറഞ്ഞു. മക്കള്‍ തന്റെ ഏറ്റവും വലിയ സന്തോഷവും കരുത്തുമാണെന്ന് വിശേഷിപ്പിച്ച അവര്‍, മറ്റാരെക്കാളും തന്റെ ക്ഷമ പരീക്ഷിക്കുന്ന രണ്ടുപേരും ഇവര്‍ തന്നെയാണെന്ന് തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് രാജീവ് ഗാന്ധി നടത്തിയിരുന്ന യാത്രകളെക്കുറിച്ചും സോണിയ ഗാന്ധി ഓര്‍മ്മിച്ചു. അക്കാലത്ത് തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകളെന്നും കല്ലേറും പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അമ്മയുമായി ചേര്‍ന്ന് പഴയ ഓര്‍മ്മകളിലേക്ക് തിരികെ പോയപ്പോള്‍ അന്നനുഭവിച്ച സന്തോഷവും ചിരിയും വേദനയുമെല്ലാം വീണ്ടും മനസ്സിലേക്കെത്തിയെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. 'പ്രണയാഭ്യര്‍ത്ഥന പ്രതീക്ഷിച്ചതുപോലെ നടന്നില്ല, എന്റെ ഏഴാം പിറന്നാളും അങ്ങനെ തന്നെയായിരുന്നു. 2004-ലെ തീരുമാനം ഞങ്ങളില്‍ ചിലര്‍ക്ക് ആശ്വാസവും മറ്റുള്ളവര്‍ക്ക് സന്തോഷവും നല്‍കി. അച്ഛന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ കൃത്യമായ ഉദ്ദേശ്യമുണ്ടായിരുന്നു. 500-ലധികം പേജുകളുണ്ടായിട്ടും അമ്മ പുസ്തകത്തില്‍ വിട്ടുപോയ ചില കാര്യങ്ങളുണ്ട്,' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അമ്മയുടെ ജീവിതയാത്രയില്‍ വലിയ സ്‌നേഹവും കടുത്ത ദുരന്തങ്ങളും ഉണ്ടായിട്ടുണ്ടെന്നും, അതിനെയെല്ലാം അന്തസ്സോടും ധൈര്യത്തോടും കൂടിയാണ് അമ്മ നേരിട്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതാണ് കൊല്ലപ്പെടാന്‍ കാരണം; കൊലപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിച്ചു: ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി