ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ 'ദേശവിരുദ്ധര്‍' ആണെന്നും വിദേശശക്തികളുടെ സഹായത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയത്.
'മോദിജി, താങ്കളെ ഞാന്‍ വെല്ലുവിളിച്ചിട്ട് ഇപ്പോള്‍ 24 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. പ്രതിപക്ഷം ദേശവിരുദ്ധരാണെന്നാണ് താങ്കള്‍ പറയുന്നത്. ഏത് വേദിയും സ്ഥലവും താങ്കള്‍ക്ക് തിരഞ്ഞെടുക്കാം; നമുക്ക് ഇതില്‍ ഒരു പരസ്യ സംവാദം നടത്താം. ആരാണ് യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധര്‍? ആര്‍ക്കാണ് വിദേശശക്തികളുമായി ബന്ധമുള്ളത്? ആ ബന്ധങ്ങളുടെ സ്വഭാവം എന്താണ്? എന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാകട്ടെ. കഴിയുന്നത്ര വേഗത്തില്‍ ഇത് നടത്തൂ, ഭയപ്പെടരുത്' എന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറഞ്ഞു. തിങ്കളാഴ്ചയും നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചിരുന്നു. വിദേശ സഹായത്തോടെയാണ് മോദി അധികാരത്തില്‍ വന്നതെന്നും പ്രധാനമന്ത്രി കസേരയില്‍ തുടരുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചൊവ്വാഴ്ച വീണ്ടും വിഷയം ഉന്നയിച്ച് രാഹുല്‍ തുറന്ന സംവാദത്തിന് ക്ഷണിച്ചത്.
പ്രതിപക്ഷം വിദേശശക്തികളെ കൂട്ടുപിടിച്ച് രാജ്യത്തെയും ഭരണഘടനയുടെ പവിത്രതയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഗുജറാത്തില്‍ നടന്ന പരിപാടിയില്‍ മോദി ആരോപിച്ചത്.
പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടിയില്ലാതെ മോദി