ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരവിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്കിനെതിരെ സി.പി.ഐ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടും പ്രതിരോധിക്കാതെ സി.പി.എം. ഐസക്കിനെതിരായ ആക്ഷേപങ്ങള്‍ അനാവശ്യമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ വ്യക്തമാക്കിയെങ്കിലും, ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം അണികളും പ്രാദേശിക നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ മൗനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സി.പി.എം വാരികയായ 'ചിന്ത'യുടെ പുന്നപ്ര-വയലാര്‍ പ്രത്യേക പതിപ്പിലും 2025-ല്‍ പുറത്തിറക്കിയ ഡയറക്ടറിയിലും സമരനായകരുടെ ചിത്രങ്ങള്‍ നല്‍കിയ ക്രമത്തെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ടി.വി. തോമസ്, സി.കെ. കുമാരപ്പണിക്കര്‍ തുടങ്ങിയ സി.പി.ഐ മുന്‍നിര നേതാക്കളുടെ പ്രാധാന്യം കുറച്ചുകാട്ടാനും, 1964-ലെ പാര്‍ട്ടി വിഭജനത്തിന് ശേഷം സി.പി.എമ്മിനൊപ്പം നിന്നവര്‍ക്ക് ആദ്യസ്ഥാനങ്ങള്‍ നല്‍കാനും ശ്രമിച്ചുവെന്നാണ് സി.പി.ഐ നേതാക്കളുടെ പ്രധാന ആരോപണം. 2025-ല്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഈ ഡയറക്ടറി പുറത്തിറക്കിയപ്പോള്‍ ഉയരാത്ത വിമര്‍ശനം ഒരു വര്‍ഷത്തിന് ശേഷം അനാവശ്യമായി ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.ഐ ശ്രമിക്കുന്നതെന്ന് ഐസക് അനുകൂലികള്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, സമരസേനാനികളുടെ പേരിന്റെയും ചിത്രങ്ങളുടെയും ക്രമത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. ഒന്നാമതും രണ്ടാമതും വരുന്നവര്‍ മാത്രമല്ല, പങ്കെടുത്ത എല്ലാവരും സമരനായകരാണെന്നും ആരുടെയും പ്രാധാന്യം കുറച്ചുകാണിച്ചിട്ടില്ലെന്നും വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. ചരിത്രാന്വേഷണത്തിന് ആരുടെയും ചുമതലപ്പെടുത്തലോ അനുവാദമോ ആവശ്യമില്ലെന്നും ടി.വി. തോമസിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ തനിക്ക് തര്‍ക്കമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡയറക്ടറിയിലും ചിന്തയിലും അക്ഷരമാലാ ക്രമത്തിലാണ് വിവരങ്ങളും ചിത്രങ്ങളും നല്‍കിയതെന്നും പുന്നപ്ര-വയലാര്‍ സമരം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുന്നപ്ര-വയലാര്‍ സമരവിവാദം: തോമസ് ഐസക്കിനെതിരായ സി.പി.ഐ ആക്രമണത്തില്‍ മൗനം പാലിച്ച് സി.പി.എം