തിരുവനന്തപുരം: എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി. വാട്ടര്‍ അതോറിട്ടിയെ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ട്, ഇതിന്റെ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് 2027-ന്റെ തുടക്കത്തില്‍ പുതിയ ജലനയം നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ജലവിഭവ വകുപ്പിന്റെ വ്യവസായ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുമെന്നും, ഇതിന്റെ ഭാഗമായി ഡിസംബര്‍ ആദ്യവാരം ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അരുവിക്കരയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ പകുതി പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത്, കനാല്‍ നവീകരണം ഒരു പ്രത്യേക പ്രോജക്റ്റായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കീഴിലുള്ള മുഴുവന്‍ പ്രോപ്പര്‍ട്ടികളും നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി 'ഇറിഗേഷന്‍ അസറ്റ് മാപ്പിംഗ്' നടപ്പിലാക്കും. വാട്ടര്‍ അതോറിട്ടിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ തലത്തില്‍ വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു. കുടിവെള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി സ്റ്റാറ്റിയൂട്ടറി ബോഡി നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും 8,000 കോടി രൂപ ലഭിക്കാനുണ്ടെന്നും, നിലവില്‍ നബാര്‍ഡില്‍ നിന്ന് ലോണ്‍ എടുത്താണ് കരാറുകാരുടെ കുടിശിക തീര്‍ത്തിട്ടുള്ളതെന്നും മന്ത്രി മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പുതിയ ജലനയം വരുന്നു; 2027-ന്റെ തുടക്കത്തില്‍ രൂപീകരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്