തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് നാഷണൽ കോർപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ 75 വർഷമായി സംഘടിപ്പിച്ചുവരുന്ന സഹകരണ വാരാഘോഷം കേന്ദ്രസർക്കാർ നിർത്തിവെച്ച നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും പ്രാദേശിക വികസനത്തിനും പ്രാപ്തമാക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാവാണ് നെഹ്റു.
നവംബർ 14 മുതൽ 20 വരെ ദേശീയ സഹകരണ വാരമായി ആചരിക്കുന്നത് നെഹ്റുവിന്റെ സംഭാവനകൾക്കുള്ള അംഗീകാരമാണ്. എന്നാൽ, ഇത്തവണ അദ്ദേഹത്തിന്റെ സ്മരണയ്ക്കും സംഭാവനകൾക്കും അർഹമായ പ്രാധാന്യം നൽകാതിരിക്കുന്നത് പൊതുജീവിതത്തിൽ നിന്ന് നെഹ്റുവിനെ മായ്ച്ചുകളയാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. തീൻമൂർത്തി ഭവൻ പ്രധാനമന്ത്രിമാരുടെ സംയുക്ത സ്മാരകമാക്കിയതും നെഹ്റുവിന്റെ പേരിലുള്ള പദ്ധതികളുടെ പേരുമാറ്റുന്നതും ഇതേ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഹസ്സൻ ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാക്കി പുനഃസംഘടിപ്പിച്ചത് ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ വർധിക്കുന്നത് സഹകരണ പ്രസ്ഥാനത്തിന്റെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കും. കർഷകരുടെയും സാധാരണക്കാരുടെയും സാമ്പത്തിക ഉന്നമനത്തിന് സഹായിക്കുന്ന സ്ഥാപനങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സഹകരണ മേഖലയിൽ നെഹ്റു നൽകിയ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും, പ്രസ്ഥാനത്തിന്റെ ജനാധിപത്യപരവും മതനിരപേക്ഷവുമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനുമായി സംസ്ഥാന സഹകരണ വകുപ്പും സഹകാരികളും ചേർന്ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കണം. നെഹ്റു മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് ആശയങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികളും സഹകാരികളും അണിചേരണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന്ദ്ര നടപടി പ്രതിഷേധാർഹമെന്ന് എം.എം. ഹസ്സൻ