ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങള്‍ 24 മണിക്കൂറോളം തടസ്സപ്പെട്ട സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി കമ്പനി. മൈക്രോസോഫ്റ്റ് ടീംസ്, ഔട്ട്ലുക്ക്, കോപൈലറ്റ് എ.ഐ തുടങ്ങിയ പ്രധാന സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്. സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ എ.ഐ ഏജന്റുകളുടെ തകരാറോ അല്ലെന്നും, മുന്‍പ് നടത്തിയ നെറ്റ്വര്‍ക്ക് കപ്പാസിറ്റി അപ്ഗ്രേഡുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവാണ് തടസ്സത്തിന് കാരണമായതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും നേരിട്ട ബുദ്ധിമുട്ടില്‍ അഗാധമായ ഖേദം രേഖപ്പെടുത്തുന്നതായി മൈക്രോസോഫ്റ്റ് 'എക്‌സി'ലൂടെ അറിയിച്ചു. മിക്ക സേവനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, സമ്പൂര്‍ണ്ണ പുനഃസ്ഥാപനത്തിന് കൃത്യമായ സമയപരിധി പറയാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി.
നേരത്തെ നടത്തിയ നെറ്റ്വര്‍ക്ക് കപ്പാസിറ്റി അപ്ഗ്രേഡിനിടെയുണ്ടായ ഒരു സാങ്കേതിക പിഴവാണ് പുതിയ നെറ്റ്വര്‍ക്ക് മാറ്റത്തിന് പിന്നാലെ വലിയ തടസ്സമായി മാറിയതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. അടിസ്ഥാന പ്രശ്‌നം പരിഹരിച്ചതായും ശേഷിക്കുന്ന മേഖലകളില്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. എഴുപതിലധികം രാജ്യങ്ങളില്‍ സേവന തടസ്സം നേരിട്ടതായും, ഡൗണ്‍ഡിറ്റക്ടറില്‍ മാത്രം ഒന്നര ലക്ഷത്തോളം (1.3 ലക്ഷത്തിലധികം) പരാതികള്‍ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൈക്രോസോഫ്റ്റ് ഇമെയില്‍ സേവനങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളുടെ ഉപഭോക്തൃ സേവനങ്ങളെയും തകരാര്‍ സാരമായി ബാധിച്ചു. ഇമെയില്‍ വഴിയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് തടസ്സപ്പെട്ടതായും മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇമെയില്‍ മറുപടികള്‍ വൈകുമെന്നും അടിയന്തര സഹായത്തിന് 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ സെന്ററിനെയോ സോഷ്യല്‍ മീഡിയയെയോ സമീപിക്കണമെന്നും ആകാശ എയര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. അതേസമയം, വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ ലഭിക്കുന്നതിനായി ഇമെയില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റിയതായും എയര്‍ ഇന്ത്യ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ശേഷം പരാതികള്‍ വര്‍ദ്ധിച്ചു. വിമാനക്കമ്പനികള്‍ക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റ് ബിസിനസ്സ് മേഖലകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചു. സേവനങ്ങള്‍ ഒറ്റയടിക്ക് പുനഃസ്ഥാപിക്കുന്നതിന് പകരം, സ്ഥിരത ഉറപ്പുവരുത്തിക്കൊണ്ട് ഘട്ടംഘട്ടമായാണ് തിരികെ കൊണ്ടുവന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ മുടങ്ങിയ സംഭവം; ക്ഷമാപണവുമായി കമ്പനി, സൈബര്‍ ആക്രമണമല്ലെന്ന് വിശദീകരണം
ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് ടീംസ്, ഔട്ട്ലുക്ക്, കോപൈലറ്റ് സേവനങ്ങൾ 24 മണിക്കൂറോളം തടസ്സപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി കമ്പനി. സൈബർ ആക്രമണമല്ല, സാങ്കേതിക പിഴവാണ