Logo
Mon, Sep 07, 2026 • 07:56 AM
LIVE TV
Watch

No business videos available

No Middle East videos available

അരനൂറ്റാണ്ട് പിന്നിട്ട അഭിനയസപര്യ; മലയാളത്തിന്റെ മഹാനടന് ഇന്ന് 75-ാം പിറന്നാൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 07, 2026
1 min read
SHARE:
SAVE: Login to save

അരനൂറ്റാണ്ട് പിന്നിട്ട അഭിനയസപര്യ; മലയാളത്തിന്റെ മഹാനടന് ഇന്ന് 75-ാം പിറന്നാൾ

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച കൗമാരക്കാരനില്‍ നിന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് തന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, ഓരോ വര്‍ഷവും കൂടുന്ന അക്കങ്ങളെപ്പോലും അമ്പരിപ്പിക്കുന്ന ലുക്കിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ഈ മഹാനടന്‍. നാല് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും, പുതിയ കഥാപാത്രങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശം ഏവര്‍ക്കും പ്രചോദനമാണ്.

1951 സെപ്റ്റംബര്‍ 7-ന് കോട്ടയം വൈക്കത്തിനടുത്തുള്ള ചെമ്പില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായി ജനിച്ച പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി, അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. 1971-ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 1980-ല്‍ എം.ടി. വാസുദേവന്‍ നായരുടെ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സമയത്താണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന് 'മമ്മൂട്ടി' എന്ന പേര് നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് കെ.ജി. ജോര്‍ജിന്റെ 'മേള'യിലൂടെ നായകനിരയിലേക്ക് ഉയര്‍ന്ന അദ്ദേഹം പിന്നീട് മലയാള സിനിമാ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു.

അഞ്ചു പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. നാല് ദേശീയ പുരസ്‌കാരങ്ങളും പതിനൊന്ന് സംസ്ഥാന അവാര്‍ഡുകളും ഡോക്ടറേറ്റും നേടിയ അദ്ദേഹം, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നവാഗത സംവിധായകര്‍ക്ക് അവസരം നല്‍കിയ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ്. ലാല്‍ജോസ്, അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ് ഉള്‍പ്പെടെ എഴുപതിലധികം പുതിയ സംവിധായകരെയാണ് മമ്മൂട്ടി സിനിമാലോകത്തിന് സമ്മാനിച്ചത്.

സൗണ്ട് മോഡുലേഷനിലും പ്രാദേശിക ഭാഷാശൈലികള്‍ തനിമയോടെ അവതരിപ്പിക്കുന്നതിലും പകരക്കാരനില്ലാത്ത പ്രതിഭയാണ് മമ്മൂട്ടി. 'പ്രാഞ്ചിയേട്ടന്‍' എന്ന ചിത്രത്തിലെ തൃശൂര്‍ ശൈലിയും, 'രാജമാണിക്യ'ത്തിലെ തിരുവനന്തപുരം ഭാഷയും, 'വടക്കന്‍ വീരഗാഥ'യിലെ ചന്തുവും, 'കോട്ടയം കുഞ്ഞച്ചന്‍', 'വിധേയന്‍' തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ അഭിനയ തികവിന് ഉദാഹരണങ്ങളാണ്. എത്ര വലിയ ഉയരങ്ങള്‍ കീഴടക്കിയാലും കഥാപാത്രങ്ങള്‍ക്കായി ഏതറ്റവും വരെ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്ത ഈ മഹാനടന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്ന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സിനിമാ ലോകവും പ്രേക്ഷകരും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10