ഡല്‍ഹി കെട്ടിട ദുരന്തം: ഉടമയ്ക്കെതിരെ കേസ്; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ ദാരുണ അപകടത്തില്‍ ആറ് മരണം. ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിലെ 'ഹോസ്റ്റല്‍ ഡേസ്' എന്ന സ്വകാര്യ ആണ്‍കുട്ടികളുടെ ഹോസ്റ്റലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തകര്‍ന്നുവീണത്. അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.
അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി, കെട്ടിട ഉടമ ഹരിറാമിനും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ലഫ്. ഗവര്‍ണര്‍ തരണ്‍ജീത് സിങ് സന്ധു, പോലീസ് കമ്മിഷണര്‍ അനുരാഗ് കുമാര്‍, ബാന്‍സുരി സ്വരാജ് എം.പി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
അന്‍പതോളം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഭൂഗര്‍ഭ നിലയില്‍ പണി നടന്നിരുന്നെന്നും, നിര്‍മാണവേളയില്‍ ഒരു പില്ലര്‍ മാറ്റിയതാണ് ദുരന്തത്തിന് പ്രധാന കാരണമായതെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. രണ്ടുദിവസമായി പെയ്ത മഴയില്‍ ഭൂഗര്‍ഭ നിലയില്‍ വെള്ളം കെട്ടിക്കിടന്നതും കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായി. അപകടത്തില്‍ സമീപത്തെ കെട്ടിടത്തിന് ചരിവ് സംഭവിച്ചതിനെ തുടര്‍ന്ന് അവിടുത്തെ ആളുകളെയും ഒഴിപ്പിച്ചു.
സംഭവം നടന്ന ഉടന്‍ സമീപവാസികളും വിദ്യാര്‍ത്ഥികളുമാണ് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പോലീസും ദേശീയ ദുരന്തനിവാരണ സേനയും എത്തിയെങ്കിലും ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത ഒമ്പത് പേരില്‍ ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും രണ്ടുപേര്‍ എയിംസ് ട്രോമ കെയറിലുമാണ് മരിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.