വാക്കുപാലിച്ച് കൃഷിമന്ത്രി: കുട്ടിക്കര്‍ഷകന്‍ ആദിത്യന്റെ വീടിന് തറക്കല്ലിട്ടു
ചേര്‍ത്തല: ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ആലപ്പുഴ എംപി കെ. സി. വേണുഗോപാല്‍ നിര്‍വഹിച്ചു.
കൃഷിയില്‍നിന്ന് അന്യംനിന്നുപോയ പുതിയ തലമുറയ്ക്ക് ഒരു പ്രവേശനകവാടമാണ് ആദിത്യനെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഭാവിയില്‍ എന്താകണമെന്ന് ആദിത്യനോട് ചോദിച്ചപ്പോള്‍ ബി.എസ്സി. അഗ്രികള്‍ച്ചര്‍ പഠിച്ച് മികച്ച കര്‍ഷകനാകണമെന്നാണ് പറഞ്ഞത്. കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കുമുള്ള ഒരു സന്ദേശമാണിതെന്നും മന്ത്രി പറഞ്ഞു. പ്രതികൂല ജീവിതപശ്ചാത്തലത്തിലും കൃഷിയെ സ്‌നേഹിച്ച് കൃഷിയുമായി മുന്നേറുന്ന ആദിത്യന്‍ അങ്ങേയറ്റം പ്രശംസാര്‍ഹനും അഭിനന്ദനാര്‍ഹനുമാണ്. നാടിനാകെ അഭിമാനമാണ് ഈ കുട്ടിക്കര്‍ഷകനെന്നും ആലപ്പുഴ എംപി കെ. സി. വേണുഗോപാല്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മനുഷ്യത്വമുള്ളവരാണ് കര്‍ഷകരെന്നും മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകരുടെ ഉള്ളില്‍ നന്മ മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിത്യന് വീട് നിര്‍മിച്ചുനല്‍കുമെന്ന കൃഷിമന്ത്രിയുടെ നന്മനിറഞ്ഞ തീരുമാനത്തെയും ഈ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്ന വ്യവസായ പ്രമുഖന്‍ നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയെയും അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി എത്രയും പെട്ടെന്ന് വീട് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംസ്ഥാനതല കര്‍ഷകദിനാഘോഷ ചടങ്ങിലാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആദിത്യന് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചത്. അജ്ഫാന്‍ സ്ഥാപനത്തിന്റെ ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ സഹായത്താലാണ് ആദിത്യന്റെ വീടിന്റെ നിര്‍മാണം നടക്കുന്നത്. ചേര്‍ത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ചേര്‍ത്തല അരീപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്‍ അജയന്‍-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ആദിത്യന്‍ 44 സെന്റ് സ്ഥലത്ത് നെല്‍കൃഷിയും 20 സെന്റ് പാട്ടഭൂമിയില്‍ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. ഇതോടൊപ്പം അലങ്കാരമത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു എന്നിവയെ വളര്‍ത്തലും വിജയകരമായി നടത്തിവരുന്നു.
കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്. ശരത് സ്വാഗതവും മുന്‍ ബ്ലോക്ക് മെമ്പര്‍ ടി. എസ്. രഘുവരന്‍ നന്ദിയും പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.