തിരുവനന്തപുരം: ഏറെ വിവാദമായ കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന ക്രമക്കേടില്‍ മുന്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ച്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകള്‍ നശിപ്പിക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തുന്ന വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് പുറമെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ടു മുതല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ഇഷ്ടക്കാര്‍ക്ക് ജോലി നല്‍കുന്നതിനായി പ്രതികള്‍ ചേര്‍ന്ന് നിയമന നടപടികള്‍ പൂര്‍ണ്ണമായും അട്ടിമറിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിനായി 40,000-ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിച്ചു കളഞ്ഞതായാണ് നിഗമനം. റാങ്ക് പട്ടികയില്‍ ഇടംപിടിച്ച 38 പേര്‍ സ്വാധീനം ഉപയോഗിച്ചാണ് ജോലി നേടിയതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയ പലര്‍ക്കും അഭിമുഖത്തിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിച്ചത്. ഇങ്ങനെ നിയമനം ലഭിച്ചവരില്‍ പ്രമുഖ സി.പി.എം നേതാക്കളുടെയും അനുഭാവ സംഘടനാനേതാക്കളുടെയും അടുത്ത ബന്ധുക്കളും സര്‍വകലാശാലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്.
അഭിമുഖത്തിന് 20 മാര്‍ക്കും കൈയക്ഷരത്തിന് 5 മാര്‍ക്കും നിശ്ചയിച്ചതാണ് തട്ടിപ്പിന് പ്രധാന വഴിയൊരുക്കിയത്. പിന്നീട് പി.എസ്.സി.യുടെ ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനു എസ്. നായര്‍ സര്‍വകലാശാലാ എഴുത്തുപരീക്ഷയില്‍ മുന്‍പന്തിയിലായിരുന്നെങ്കിലും, അഭിമുഖത്തിന് ശേഷം റാങ്ക് പട്ടികയില്‍ വളരെ പിന്നിലേക്ക് തള്ളപ്പെട്ടത് അട്ടിമറിയുടെ വ്യക്തമായ തെളിവായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവസമയത്ത് സര്‍വകലാശാലാ തലപ്പത്തുണ്ടായിരുന്ന മുന്‍ വി.സി. എം.കെ. രാമചന്ദ്രന്‍ നായര്‍, പി.വി.സി. വി. ജയപ്രകാശ്, രജിസ്ട്രാര്‍ കെ.എ. ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്‍, കെ.എ. ആന്‍ഡ്രു എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുന്‍ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര വകുപ്പുകളോടെ ക്രൈംബ്രാഞ്ച് കുറ്റപത്രം