Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പെട്രോളിൽ അടങ്ങിയിരിക്കുന്ന എഥനോളിന്റെ അളവ് പരിശോധിക്കുന്നതിനായി പെട്രോളിയം കമ്പനികൾ ശുദ്ധമായ പെട്രോൾ വിട്ടുനൽകാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു.

താരതമ്യ പരിശോധന നടത്തുന്നതിന് ആവശ്യമായ ശുദ്ധമായ പെട്രോൾ നൽകാൻ കമ്പനികൾ വിസമ്മതിക്കുന്ന വിവരമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കാനല്ല, മറിച്ച് പെട്രോളിലെ എഥനോൾ അളവിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനാണ് ഈ പരിശോധന നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെട്ട് പരിശോധനയ്ക്ക് ആവശ്യമായ ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രണ്ട് തവണ പെട്രോളിയം കമ്പനികൾക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കൊച്ചി റിഫൈനറി ലിമിറ്റഡിനും കത്ത് നൽകിയെങ്കിലും ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചത്. ഇന്ത്യൻ ഓയിൽ കമ്പനിയും 19 ശതമാനം എഥനോൾ കലർന്ന പെട്രോളാണ് നൽകിയത്.

ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയിലൂടെയാണ് പെട്രോളിന്റെ ഗുണനിലവാരവും എഥനോളിന്റെ അളവും നിർണ്ണയിക്കുന്നത്. ഇതിനാവശ്യമായ പരിശോധനാ കിറ്റുകളെല്ലാം സർക്കാർ വാങ്ങിയിട്ടുണ്ടെങ്കിലും, താരതമ്യ പഠനത്തിനായി ശുദ്ധമായ പെട്രോൾ ലഭിക്കാത്തത് നടപടികൾക്ക് തടസ്സമായിരിക്കുകയാണ്.

അനുവദനീയമായ പരിധി 20 ശതമാനമായിരിക്കെ, കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം എഥനോൾ കലർത്തിയതായി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി അനൂപ് ജേക്കബും ഇടപെട്ട് കേരളത്തിലും സമാനമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും കിറ്റുകൾ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ശുദ്ധമായ പെട്രോൾ കമ്പനികൾ നൽകാത്തതാണ് തിരിച്ചടിയായത്. അതേസമയം, കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി 31 ശതമാനം എഥനോൾ കലർന്നിട്ടുണ്ടെന്ന കണ്ടെത്തൽ കേന്ദ്രസർക്കാരും പെട്രോളിയം കമ്പനികളും തള്ളിയിരുന്നു.




Related articles

See all
Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ...

Popular News

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്...

Popular News

ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Save your stories

Sign in