സൈബർ തട്ടിപ്പുകൾ തടയാൻ ‘സൈബർ വാൾ’; ഫോൺ നമ്പർ മുതൽ APK വരെ പരിശോധിക്കാം
തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ സംവിധാനവുമായി കേരള പൊലീസ്. ‘സൈബർ വാൾ’ ചാറ്റ്ബോട്ടിലൂടെ ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്സൈറ്റ് ലിങ്കുകൾ, ഇ-മെയിൽ വിലാസങ്ങൾ, ഐപി അഡ്രസുകൾ, എസ്എംഎസ്, ആപ്ലിക്കേഷൻ ഫയലുകൾ തുടങ്ങിയ ഡിജിറ്റൽ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് പൊലീസ്.
94979 64163 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പരിശോധിക്കേണ്ട വിവരങ്ങൾ സന്ദേശമായി അയച്ചാൽ മതിയാകും. ബാങ്ക് ഉദ്യോഗസ്ഥനെന്നോ കസ്റ്റമർ കെയർ പ്രതിനിധിയെന്നോ പരിചയപ്പെടുത്തി വിളിച്ച ഫോൺ നമ്പർ തട്ടിപ്പുകാരുടേതാണോ എന്ന് സൈബർ വാൾ വഴി പരിശോധിക്കാം.
അപരിചിതമായ യുആർഎൽ ലിങ്ക് സുരക്ഷിതമാണോ എന്നറിയാനും സൈബർ വാൾ സഹായിക്കും. സംശയമുള്ള ലിങ്ക് കോപ്പി ചെയ്ത് വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാൽ അതിന്റെ വിശ്വാസ്യത പരിശോധിക്കാം. യുആർഎല്ലിൽ ചെറിയ മാറ്റം വരുത്തിയാൽ പോലും ഉപയോക്താവിനെ വ്യാജ വെബ്സൈറ്റിലേക്ക് എത്തിക്കാൻ സാധ്യതയുള്ളതിനാൽ ലിങ്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാനമാണ്.
ലഭിക്കുന്ന ഇ-മെയിൽ തട്ടിപ്പുമായി ബന്ധപ്പെട്ടതാണോ എന്നും ചാറ്റ്ബോട്ട് വഴി പരിശോധിക്കാം. ഇ-മെയിൽ വിലാസം നൽകിയാൽ അതിന്റെ വിശ്വാസ്യത പരിശോധിക്കുന്നതിനൊപ്പം ഐപി അഡ്രസും പരിശോധിക്കാനുള്ള സൗകര്യമുണ്ട്.
ബാങ്ക് അലർട്ട്, ഒടിപി, കെവൈസി അപ്ഡേറ്റ്, ഡെലിവറി സന്ദേശം തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന എസ്എംഎസുകൾ വ്യാജമാണോ എന്ന് പരിശോധിക്കാനും സൈബർ വാൾ ഉപയോഗിക്കാം.
അപരിചിതമായ ലിങ്കുകളിൽനിന്ന് ലഭിക്കുന്ന APK ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിലും ചാറ്റ്ബോട്ടിന്റെ സഹായം തേടാം. സംശയകരമായ ഡിജിറ്റൽ വിവരങ്ങൾ ലഭിക്കുമ്പോൾ നേരിട്ട് പ്രതികരിക്കുന്നതിന് പകരം അവ പരിശോധിച്ച് ഉറപ്പാക്കാൻ സംവിധാനം പൊതുജനങ്ങൾക്ക് സഹായകരമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.