കയ്പമംഗലം വീണ്ടും കണ്ണീരിൽ; മൂന്ന് വർഷം മുൻപ് ഇതേ മണ്ണിൽ പൊലിഞ്ഞത് കൊല്ലം സുധിയുടെ ജീവൻ
തൃശൂർ: എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാതയിലെ വാഹനാപകടത്തിന് പിന്നാലെ, മൂന്ന് വർഷം മുമ്പ് ഇതേ മേഖലയിൽ നടന്ന നടൻ കൊല്ലം സുധിയുടെ അപകടമരണവും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 2023 ജൂൺ അഞ്ചിന് കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിലാണ് മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമയിലൂടെയും ചിരിപ്പിച്ച കൊല്ലം സുധി മരിച്ചത്.
2023 ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വടകരയിൽ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന സുധിയും സംഘവും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻസീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്.
അപകടസമയത്ത് കാറിലെ രണ്ട് എയർബാഗുകളും പ്രവർത്തിച്ചിരുന്നെങ്കിലും സുധിയുടെ നെഞ്ച് ഡാഷ്‌ബോർഡിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം രണ്ട് വാരിയെല്ലുകൾ ഒഴികെ മറ്റെല്ലാം തകർന്നിരുന്നു. തലയുടെ ചെവിക്ക് പിന്നിൽ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായത്.
ഉല്ലാസ് അരൂർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ മിമിക്രി താരങ്ങളായ ബിനു അടിമാലിക്കും മഹേഷിനും പരിക്കേറ്റിരുന്നു.
മിമിക്രിയിലൂടെ സിനിമയിലെത്തിയ കൊല്ലം സുധി 2015ൽ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സുധിയുടെ അകാലവിയോഗം ഇന്നും ആരാധകരുടെ മനസ്സിൽ മായാത്ത ഓർമയാണ്.
അതേസമയം, വെള്ളിയാഴ്ച അർധരാത്രിയോടെ കയ്പമംഗലത്ത് നടന്ന പുതിയ അപകടത്തിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ഏഴ് സീറ്റർ കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുവായൂർ ഭാഗത്തുനിന്നെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ചതോടെ കയ്പമംഗലം വീണ്ടും വലിയ ദുരന്തത്തിന്റെ വേദിയായി മാറുകയായിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.