‘ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ല’; കയ്പമംഗലം അപകടത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി ഒ.ജെ. ജനീഷ്
കോഴിക്കോട്: കയ്പമംഗലം പനമ്പിക്കുന്നിൽ നടന്ന ദാരുണ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഒ.ജെ. ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത തരത്തിലാണ് പലപ്പോഴും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ അതോറിറ്റിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
സ്കൂൾ തുറക്കുന്ന സമയത്ത് പോലും ദേശീയപാത അതോറിറ്റി അധികൃതരെ നിർബന്ധപൂർവം യോഗങ്ങളിൽ പങ്കെടുപ്പിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അതോറിറ്റിക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻട്രിയിലും എക്സിറ്റിലും വാഹനയാത്രക്കാർക്ക് വ്യക്തമായി മനസിലാകുന്ന തരത്തിലുള്ള സൈൻ ബോർഡുകളോ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വലിയ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് ഡൈവേർഷൻ പെട്ടെന്ന് മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്. ആവശ്യമായ ദൂരത്തുനിന്ന് സൈൻ ബോർഡ് കാണാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടസ്ഥലത്ത് സൈൻ ബോർഡ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അധികൃതർ അറിയിച്ചതെങ്കിലും വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി അധികൃതർ പങ്കെടുത്ത നിരവധി യോഗങ്ങളിൽ പോലും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പല യോഗങ്ങളിലും അതോറിറ്റി അധികൃതരുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു.
ദേശീയപാത 66ൽ തൃശൂർ പനമ്പിക്കുന്ന് സെന്ററിലാണ് രാത്രി 11.42ഓടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ഡിവൈഡറിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സൂചനാ ബോർഡ് മറച്ച നിലയിലാണ് ലോറി നിർത്തിയിട്ടിരുന്നതെന്നാണ് ആരോപണം. ഇടിച്ച ശേഷം കാർ ലോറിക്കടിയിലേക്ക് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രദേശം സ്ഥിരം അപകടമേഖലയാണെന്നും ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത്ത് എന്നിവരാണ് തിരിച്ചറിഞ്ഞ മരിച്ചവർ. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. അപകടത്തിൽ ആറ് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ചരക്ക് ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും വിവരമുണ്ട്.
ദേശീയപാത നിർമാണത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ അപര്യാപ്തതയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ കുറവും അപകടത്തിന് കാരണമായെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വാഹനത്തിന്റെ വേഗത, സൈൻ ബോർഡുകളുടെ സ്ഥാനം, ലോറി നിർത്തിയിരുന്ന രീതി എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന ആവശ്യമാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.