‘തൂഫാൻ’ രണ്ടാം ഘട്ടം 28ന്; കുടുംബശ്രീയും ഹരിതകർമ സേനയും ഇനി പോരാട്ടത്തിന്റെ ഭാഗം
കോഴിക്കോട്: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ മാസം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം ജനപങ്കാളിത്തം ഉറപ്പാക്കിയാണ് രണ്ടാം ഘട്ടം ശക്തമാക്കുകയെന്ന് മന്ത്രി പറഞ്ഞു. ബോധവത്കരണത്തിനായിരിക്കും രണ്ടാം ഘട്ടത്തിൽ പ്രധാന പരിഗണന.
കുടുംബശ്രീ, ഹരിതകർമ സേന തുടങ്ങിയ സംവിധാനങ്ങളെയും തൂഫാൻ പദ്ധതിയുടെ ഭാഗമാക്കും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സെപ്റ്റംബർ 28ന് ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും. വാർഡ് തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി തൂഫാൻ സമിതികൾ രൂപീകരിക്കും.
തൂഫാൻ ഗ്രാമസഭകൾ സംഘടിപ്പിക്കുകയും ഓരോ പ്രദേശത്തുനിന്നും ‘തൂഫാൻ വാരിയേഴ്സിനെ’ കണ്ടെത്തുകയും ചെയ്യും. ഗ്രാമങ്ങളെ ലഹരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെന്നിത്തല വ്യക്തമാക്കി. വാർഡുകളിൽ ബീറ്റ് പൊലീസുകാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം ജനജാഗ്രതാ സമിതികളെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നാണ് മയക്കുമരുന്നിന്റെ വ്യാപനമെന്ന് മന്ത്രി പറഞ്ഞു. തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 10,070 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,883 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോലീസ് നടപടികളിൽ 23.4 കിലോഗ്രാം എംഡിഎംഎ, 1,214.354 കിലോഗ്രാം കഞ്ചാവ്, 6,215 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ ‘തൂഫാൻ കെയർ’ ആരംഭിക്കും. ചികിത്സയും പുനരധിവാസവും കേന്ദ്രീകരിച്ചായിരിക്കും തൂഫാൻ കെയറിന്റെ പ്രവർത്തനം. പഞ്ചായത്ത് തലത്തിൽ ഡീ-അഡിക്ഷൻ സെന്ററുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.
കാസർകോട് എംഡിഎംഎ കേസിൽ പ്രതികളെ പിടികൂടിയ ചെന്തേര പൊലീസിനെ മന്ത്രി അഭിനന്ദിച്ചു. കേസിൽ പിടിച്ചെടുത്ത ഫോൺ കോടതിയുടെ പരിഗണനയിലാണെന്നും ഫോറൻസിക് പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സ്വദേശിയുൾപ്പെടെയുള്ളവർ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും ഇത് ഗൗരവമേറിയ കേസാണെന്നും മന്ത്രി വ്യക്തമാക്കി.ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി തുടരും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയായാലും പ്രതികളുമായി ബന്ധമുള്ളവരായാലും നടപടി ഒഴിവാക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പുതിയ പദ്ധതി ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ‘മെസി’ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആദ്യ യോഗം ചേർന്നതായും സംഘം അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.