ഉപഭോക്താക്കളെ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ റിയല്‍ ടൈം സ്‌കാം ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുമായി ഗൂഗിള്‍. കോള്‍ ഡാറ്റ ശേഖരിക്കാതെ തട്ടിപ്പുമായി ബന്ധപ്പെട്ട അലര്‍ട്ടുകള്‍ നല്‍കുന്ന സംവിധാനമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് ആളുകളുടെ ശബ്ദം ക്ലോണ്‍ ചെയ്തും വിശ്വസ്തരായ കോണ്‍ടാക്റ്റുകളെ അനുകരിച്ചും നടത്തുന്ന തട്ടിപ്പുകള്‍ ലോകമെമ്പാടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ഈ പുതിയ സുരക്ഷാ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്.
പരിചയമുള്ളവരാണെന്ന് ഭാവിച്ച് വിളിക്കുന്നവരെയും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന എ.ഐ വോയ്‌സ് ക്ലോണിങ് സാങ്കേതികവിദ്യയെയും തിരിച്ചറിയാന്‍ സഹായിക്കുന്ന 'ഫേക്ക് കോള്‍ ഡിറ്റക്ഷന്‍' എന്ന സുരക്ഷാ ടൂളാണ് ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 12-ഓ അതിനു മുകളിലോ പതിപ്പുകളുള്ള ഫോണുകളില്‍ ഗൂഗിള്‍ ഫോണ്‍ ആപ്പ് വഴി ഈ മാസം മുതല്‍ ആഗോളതലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണുകളിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക.
ഫോണുകള്‍ തമ്മിലുള്ള ഒരു 'ഡിജിറ്റല്‍ ഹാന്‍ഡ്‌ഷേക്ക്' പോലെയാണ് ഈ പുതിയ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. ഒരു വിശ്വസ്ത കോണ്‍ടാക്റ്റില്‍ നിന്ന് ഫോണിലേക്ക് കോള്‍ വരുമ്പോള്‍, ആ ഉപകരണം ഒരു നിശബ്ദ സ്ഥിരീകരണ സിഗ്നല്‍ സ്വീകര്‍ത്താവിന്റെ ഫോണിലേക്ക് അയക്കും. എന്നാല്‍ ഈ സിഗ്നല്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍, ആന്‍ഡ്രോയിഡ് ഉപകരണം യഥാര്‍ത്ഥ കോണ്‍ടാക്റ്റിന്റെ ഫോണുമായി ബന്ധപ്പെട്ട് കോള്‍ പരിശോധിക്കുന്നതാണ്. ഈ പരിശോധനയില്‍ യഥാര്‍ത്ഥ ഉപകരണം വഴിയല്ല കോള്‍ വരുന്നതെന്ന് സ്ഥിരീകരിച്ചാല്‍, കോള്‍ വ്യാജമാണെന്ന മുന്നറിയിപ്പ് ഫോണ്‍ സ്‌ക്രീനില്‍ തെളിയുകയും ഉടന്‍ തന്നെ കോള്‍ വിച്ഛേദിക്കാന്‍ ഉപയോക്താവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്യും.
ആഗോളതലത്തില്‍ സാമ്പത്തിക തട്ടിപ്പുകളും വ്യാജ കോളുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിര്‍ണായക ചുവടുവെപ്പായാണ് ഗൂഗിള്‍ ഈ സംവിധാനത്തെ അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ കോളുകളിലൂടെ ഉപയോക്താക്കള്‍ പണം നഷ്ടപ്പെടുത്തുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോ ഇടയാകുന്നത് തടയാന്‍ ഈ പുതിയ സംവിധാനം സഹായിക്കും.