മലപ്പുറം: ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയും ഫ്രീസ്റ്റൈൽ ഫുട്ബോളറുമായ അരീക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് റിസ്വാന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ലോകമെമ്പാടുമുള്ള ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർക്കായി ഏർപ്പെടുത്തിയ ‘ഇൻസ്റ്റഗ്രാം റിങ്സ്’ അവാർഡിനാണ് ഇരുപത്തിമൂന്നുകാരനായ റിസ്വാൻ അർഹനായത്. സ്റ്റോറികൾ പോസ്റ്റ് ചെയ്യുമ്പോൾ പ്രൊഫൈൽ ചിത്രത്തിനു ചുറ്റും പ്രത്യേക ഗോൾഡ് റിങ്, പ്രൊഫൈലിന്റെ ബാക്ക്ഡ്രോപ്പ് കളർ മാറ്റാനുള്ള സൗകര്യം, പോസ്റ്റുകളിലെ ലൈക്ക് ബട്ടൺ പ്രത്യേക ശൈലിയിലാക്കാനുള്ള ഫീച്ചർ എന്നിവയാണ് ഈ അവാർഡിലൂടെ ലഭിക്കുന്നത്. അബ്ദുൾമജീദിന്റെയും മൈമൂനയുടെയും മകനാണ് റിസ്വാൻ.
ഫോളോവേഴ്സിന്റെ എണ്ണം നോക്കാതെ കണ്ടന്റിന്റെ ഒറിജിനാലിറ്റിയും ക്രിയേറ്റിവിറ്റിയും സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവും പരിഗണിച്ചാണ് ഇൻസ്റ്റഗ്രാം റിങ്സ് അവാർഡ് നൽകുന്നത്. ഇന്ത്യയിൽനിന്ന് രണ്ടുപേർക്കു മാത്രമാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്. നോർവേ ഫുട്ബോൾ താരം ഏർലിങ് ഹാളണ്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 25 പേരാണ് ഇത്തവണത്തെ അവാർഡ് പട്ടികയിലുള്ളത്. നിലവിൽ 2.7 ദശലക്ഷം ആളുകളാണ് റിസ്വാനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.
2023-ൽ മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് റിസ്വാൻ ഫുട്ബോൾ കാലുകൊണ്ട് തൊടുത്തുവിടുന്ന വീഡിയോ 60 കോടി ആളുകൾ കണ്ടിരുന്നു. കൂടുതൽ പേർ കണ്ട ഇൻസ്റ്റഗ്രാം റീൽ എന്ന റെക്കോഡ് ഈ വീഡിയോയ്ക്കായിരുന്നു. ചെറുപ്പംമുതലേ ഫുട്ബോൾ കമ്പമുണ്ടായിരുന്ന റിസ്വാൻ സ്കൂൾ ടീമിലും ടൂർണമെന്റുകളിലും കളിച്ചിരുന്നു. എന്നാൽ 2015-ൽ ഉണ്ടായ അപകടത്തെ തുടർന്ന് കളിക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് റിസ്വാൻ ഫ്രീസ്റ്റൈൽ ഫുട്ബോളിലേക്ക് തിരിഞ്ഞത്.
ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തിന്റെ റിസ്വാൻ