തിരുവനന്തപുരം: അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കി അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന 'SPEAK UP TO STAND UP' പദ്ധതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചു. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ പുനരധിവാസവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്‌കരിച്ച 'SPEAK UP' പദ്ധതിയുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പ്, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, വനിതാ കമ്മീഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവര്‍ത്തനം. അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതം പുനര്‍നിര്‍മ്മിക്കാനും സ്വയംപര്യാപ്തതയിലേക്ക് ഉയരാനും ഈ പദ്ധതി വലിയ സഹായമാകും.
ഓരോ അതിജീവിതയുടെയും ആവശ്യങ്ങള്‍, താല്‍പ്പര്യങ്ങള്‍, കഴിവുകള്‍ എന്നിവ വിലയിരുത്തി അവരുടെ അറിവോടെയും സമ്മതത്തോടെയും വ്യക്തിഗത പുനരധിവാസ പദ്ധതി തയ്യാറാക്കും. ഇതിലൂടെ സുരക്ഷിതമായ താമസം, കൗണ്‍സിലിംഗ്, മാനസിക-സാമൂഹിക പിന്തുണ, സൗജന്യ നിയമസഹായം, വിദ്യാഭ്യാസം തുടരുന്നതിനുള്ള അവസരങ്ങള്‍, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിവ ലഭ്യമാക്കും. കൂടാതെ, വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ പദ്ധതികളും കുടുംബശ്രീ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാനും ഉപജീവനമാര്‍ഗ്ഗം കണ്ടെത്താനും സഹായം നല്‍കും. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, 181 മിത്ര ഹെല്‍പ്പ് ലൈന്‍, സഖി വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ എന്നിവയുടെ ഏകോപനത്തിലൂടെ അടിയന്തര സംരക്ഷണവും തുടര്‍സേവനങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭയമില്ലാതെ നടക്കാനും പഠിക്കാനും ജോലി ചെയ്യാനും ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനും ഓരോ പെണ്‍കുട്ടിക്കും കഴിയുന്ന കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനം അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ അടയാളമല്ലെന്നും അതൊരു നിയമവിരുദ്ധ പ്രവണതയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. അതിക്രമവും നിശ്ശബ്ദതയുമല്ല, പ്രതികരണവും നിലപാടുമാണ് സമൂഹത്തില്‍ സാധാരണമാകേണ്ടതെന്നും ശബ്ദമുയര്‍ത്തുന്നിടത്തുനിന്ന് സ്വന്തം കാലില്‍ തലയുയര്‍ത്തി നില്‍ക്കുന്നിടത്തേക്ക് ഒരുമിച്ച് മുന്നേറണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനിക്കല്‍, സ്വകാര്യ ചിത്രങ്ങളുടെയും വിവരങ്ങളുടെയും ദുരുപയോഗം, സൈബര്‍ ഭീഷണികള്‍ തുടങ്ങിയ ഡിജിറ്റല്‍ അതിക്രമങ്ങളെയും അതീവ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യാനും യുവതലമുറ തയ്യാറാകണം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും കഴിയുന്ന സമൂഹം സൃഷ്ടിക്കാന്‍ നിയമങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'മൗനമല്ല, മറുപടിയാണ്' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ആര്‍ട്ട് വാള്‍, വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബ്, മൈം എന്നിവയോടെയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായത്. പരിപാടിയുടെ ഭാഗമായി 'കേള്‍ക്കാം, കരുത്താകാം' എന്ന പേരില്‍ മന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ സംവാദവും നടന്നു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ബീന വൈ.ബി., ഡയറക്ടര്‍ ജി.എല്‍. അജിത് കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഉമാജ്യോതി വി., യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ പാര്‍വതി എസ്.ആര്‍. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരള പോലീസിന്റെ സ്വയംപ്രതിരോധ പരിശീലന പ്രദര്‍ശനവും കോളേജില്‍ അരങ്ങേറി.
അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND UP' പദ്ധതി; പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്ണ