നവംബര്‍ 20 മുതല്‍ 22 വരെ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) സാംസ്‌കാരിക സംവാദത്തില്‍ പങ്കെടുക്കാനാണ് മാലിക് ഇന്ത്യയിലെത്തുന്നത്. പാകിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും സ്നേഹം കൂടുകയാണെന്നും, അത് പലപ്പോഴായി പുറത്തുവരികയാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. രാജ്യദ്രോഹവും വഞ്ചനയുമാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സിരകളില്‍ ഓടുന്നതെന്നും കോണ്‍ഗ്രസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന വകുപ്പ് ഫെഡറല്‍ മന്ത്രിയാണ് മുസാദിഖ് മസൂദ് മാലിക്. 2023 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2025 ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് പാക് വാര്‍ത്താവിതരണ മന്ത്രി തരാറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാലികിന്റെ വിവാദ പ്രസ്താവന.
'പാകിസ്ഥാന് അവകാശപ്പെട്ട വെള്ളത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന കൈകള്‍ ഞങ്ങള്‍ വെട്ടിമാറ്റും' എന്നായിരുന്നു അന്ന് മാലിക് മുഴക്കിയ ഭീഷണി. അതേസമയം, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതു വരെ കരാര്‍ മരവിപ്പിച്ച തീരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.