തിരുവനന്തപുരം: ബിച്ചു തിരുമല ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം മുതിർന്ന നടൻ മധുവിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഈ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കാനായത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്നും, അത്രമാത്രം മലയാളി മനസ്സിൽ സൂക്ഷിച്ച വ്യക്തിത്വമാണ് മധുവെന്ന അനുഗ്രഹീത നടനെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവാർഡുകൾ അദ്ദേഹത്തിന് പുത്തരിയല്ലെങ്കിലും ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ വാങ്ങിയ ഒരാൾ കൂടിയാണ് മധു. ഈ അംഗീകാരങ്ങളെല്ലാം മലയാളിയുടെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനമാണ് ചൂണ്ടിക്കാട്ടുന്നത്. ബിച്ചു തിരുമലയുടെ പേരിലുള്ള അവാർഡ് പ്രഖ്യാപിക്കുമ്പോൾ മറ്റൊരു പേര് മുന്നിൽ വന്നിരുന്നില്ലെന്നും, ഐക്യകണ്ഠേനയാണ് മധുവിനെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിച്ചു തിരുമല എന്നും മലയാളികളുടെ ഉള്ളിൽ ജീവിക്കുന്നുണ്ടെന്നും, അദ്ദേഹത്തെ ഓർക്കുന്ന വേളയിൽ തന്നെ ആദരിക്കാൻ മനസ്സു കാണിച്ച സർക്കാരിന് നന്ദിയുണ്ടെന്നും നടൻ മധു മാധ്യമങ്ങളോട് പ്രതികരിച്ചു. ബിച്ചു തിരുമലയുമായി വളരെ അടുത്ത സൗഹൃദബന്ധമായിരുന്നു ഉണ്ടായിരുന്നത്. മികച്ചൊരു കവിയായിരുന്ന ശേഷമാണ് അദ്ദേഹം ഗാനരചന രംഗത്തേക്ക് എത്തിയതെന്നും, മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയതെന്നും മധു കൂട്ടിച്ചേർത്തു.
നടൻ മധുവിന്റെ വസതിയിലായിരുന്നു ബിച്ചു തിരുമല ഓർമ്മദിനാചരണം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ മറ്റ് പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആദരം മധുവിന്റെ വസതിയിൽ