തിരുവനന്തപുരം: യു. ഷറഫലിയുടെ നോവസ് സോക്കർ അക്കാദമിയിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ടർ എം.ഡി ആന്റോ അഗസ്റ്റിന്റെ വാദത്തിന് തിരിച്ചടിയായി ഓഹരി ഉടമകളുടെ പട്ടിക പുറത്തുവന്നു. അക്കാദമിയിലെ 17 ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റിന്റെ പേരില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരും രേഖകളിൽ ഉൾപ്പെട്ടിട്ടില്ല. അക്കാദമിയിൽ പങ്കാളിത്തമുണ്ടെന്ന അവകാശവാദം ശരിയല്ലെന്ന സൂചനയാണ് പുറത്തുവന്ന രേഖകൾ നൽകുന്നത്.
ഹാരിസ് യു, യു. ഷറഫലി, മൻസൂർ കുറ്റിക്കാട്ടുമ്മൽ, സുരേന്ദ്രൻ കെ, സഫറുള്ള പി.എം, മുഹമ്മദ് റഫീഖ് ഇ, അബ്ദുൽ സമദ്, സബീർ കളത്തിങ്കൽ, അബ്ദുൽ കരീം, സക്കീർ, അബ്ദുൽ റഹ്മാൻ പൂവൻചേരി, ഷരീഫ് പുതിയചിറക്കൽ, അഷ്റഫ് കക്കോടി, ജോബി കെ. ജോർജ്, യു. ഷുഹൈബ്, രാം രാജൻ കെ, ബാലകൃഷ്ണൻ പി എന്നിവരാണ് ഓഹരി ഉടമകൾ. ഇതിൽ യു. ഷറഫലിക്ക് 645 ഓഹരികളാണുള്ളത്. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടിൽ ഷറഫലിക്ക് ആന്റോ അഗസ്റ്റിൻ രണ്ട് കോടി രൂപ നൽകിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കലൂർ സ്റ്റേഡിയം നവീകരണത്തിനും അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കുമായാണ് പണം നൽകിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എന്നാൽ, മലപ്പുറത്തെ നോവസ് സോക്കർ അക്കാദമിയിൽ ഓഹരി പങ്കാളിത്തത്തിനായാണ് രണ്ട് കോടി രൂപ നൽകിയതെന്നായിരുന്നു ഷറഫലിയുടെ വാദം. പിന്നാലെ നോവസ് അക്കാദമി ഓഫ് സോക്കർ ആൻഡ് അത്‌ലറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്റേതുകൂടിയാണെന്ന് അവകാശപ്പെട്ട് ആന്റോ അഗസ്റ്റിനും രംഗത്തെത്തി.
അതേസമയം, ആന്റോ അഗസ്റ്റിൻ നൽകിയ രണ്ട് കോടി രൂപ ഷറഫലി തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഓഹരി നിക്ഷേപമായി നൽകിയതാണെന്ന് പറയുന്ന തുക അക്കാദമിയുടെ കണക്കുകളിലും ഉൾപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം
ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റിനില്ല; പങ്കാളിത്ത വാദത്തിന് തിരിച്ചടി