ചിന്നക്കനാൽ പഞ്ചായത്തിൽ ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ പിൻവലിച്ചു. നവംബർ 27-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
ജനവാസമേഖലകളിൽ തുടർച്ചയായി എത്തി നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നവംബർ 25 മുതൽ 27 വരെ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായാണ് ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ നവംബർ 27-നും ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്ന് നിലവിലെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.