പയ്യന്നൂരിലെ വിവാദ കൊലവിളി പ്രസംഗത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രകോപനപരമായ ഈ പ്രസംഗം കലാപത്തിന് വഴിവെക്കുന്നതാണെന്നും, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അത് തടയേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും സിപിഎം ഊരിയ വാൾ ഉറയിലിടണമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
വിവാദ പ്രസംഗത്തിന്റെ പേരിൽ ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപാഹ്വാനം, സമാധാനാന്തരീക്ഷം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
‘ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്; പാർട്ടിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും’ എന്നായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പരാമർശം. ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയെയും അദ്ദേഹം പരിഹസിച്ചിരുന്നു; ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.