അയോധ്യ: രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായ അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദത്തില്‍ വിചിത്ര ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവ് ശേഖരിക്കണമെന്ന് വിഎച്ച്പി നേതൃത്വം പൊലീസിനോട് ആവശ്യപ്പെട്ടു. കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവരില്‍ നിന്ന് തെളിവ് തേടണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാര്‍ അയോധ്യ ഡിഎസ്പിക്ക് കത്ത് നല്‍കി.
അതേസമയം, സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. അയോധ്യ തട്ടിപ്പിലെ ആര്‍എസ്എസ് പ്രസ്താവന അപമാനകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ദേശീയതയ്ക്കും സത്യസന്ധതയ്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ തന്നെ ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വിവാദം കത്തുമ്പോഴും നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് അയോധ്യയിലെ മണിറാം ദാസ് ആശ്രമത്തില്‍ നിര്‍ണായക ട്രസ്റ്റ് യോഗം ചേരും. ആരോപണങ്ങളില്‍ ഉത്തരം പറയേണ്ട ജനറല്‍ സെക്രട്ടറി ചമ്പത് റായി ഈ യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. ചമ്പത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി യോഗം അംഗീകരിച്ചേക്കും. എന്നാല്‍ ഇവര്‍ക്ക് പകരം ആര് വരുമെന്നോ പുതുതായി രൂപീകരിക്കുന്ന സിഇഒ പദവിയിലേക്ക് ആരെ നിയമിക്കുമെന്നോ വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ തുടര്‍നടപടികള്‍ വൈകിപ്പിക്കാനും സാധ്യതയുണ്ട്.
അയോധ്യ സംഭാവനക്കൊള്ള: പ്രിയങ്കയും കെജ്രിവാളുമടക്കമുള്ളവരോട് തെളിവ് തേടണം; വിചിത്ര ആവശ്യവുമായി വിഎച്ച്പി