ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെക്ക് ജാമ്യം ലഭിച്ചു. കർശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്ത ദിപ്കെയുടെ അറസ്റ്റ് ശനിയാഴ്ച രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ദിപ്കെയെ ജാമ്യത്തിൽ വിട്ടയച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ താമസസ്ഥലത്തുനിന്നിറങ്ങി കൊണാട്ട് പ്ലേസിൽ നടക്കുന്ന 'ലഹ്രാ ദോ തിരംഗാ' പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഝാന്ദേവാലനിൽ വെച്ചാണ് ദിപ്കെയെ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലധികം കഴിഞ്ഞിട്ടും കുടുംബത്തിനോ അഭിഭാഷകർക്കോ ദിപ്കെയുമായി ബന്ധപ്പെടാൻ പൊലീസ് അനുവാദം നൽകിയിരുന്നില്ല.
ഡൽഹി പൊലീസ് അഭിജീതിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും അഭിഭാഷകരോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും സി.ജെ.പി ആരോപിച്ചിരുന്നു. ഇത് കസ്റ്റഡിയിലെടുക്കലല്ല, മറിച്ച് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തട്ടിക്കൊണ്ടുപോകലാണെന്നും ഭരണകൂടം പ്രതിപക്ഷ പ്രതിഷേധങ്ങളെ ഭയക്കുകയാണെന്നും പാർട്ടി വ്യക്തമാക്കുകയുണ്ടായി.
10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം