ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തടങ്കലിലായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉടനടി ജയില്‍ മോചിതരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ കേസുകളില്‍ പുതിയ അറസ്റ്റുകള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
പോലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിദ്യാര്‍ത്ഥികളുടേത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ അക്രമം നടന്നിട്ടുണ്ടോ എന്ന് സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂവെന്നും ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്താത്ത അന്വേഷണം അര്‍ത്ഥശൂന്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എസ്.ഐ.ടി അന്വേഷണത്തെ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വാഗതം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, പോലീസിന് നേരെ അക്രമം നടത്തിയത് സമരത്തിലേക്ക് നുഴഞ്ഞുകയറിയ ക്രിമിനല്‍ ശക്തികളാണെന്ന് വാദിച്ചു. തുടര്‍ന്ന്, കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരൊഴികെ ഉള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വാദം കേട്ട ശേഷമായിരിക്കും എസ്ഐടി രൂപീകരണത്തിലെ അന്തിമ നടപടികള്‍ പ്രഖ്യാപിക്കുക.
വിദ്യാര്‍ത്ഥികളെ ജയില്‍ മോചിതരാക്കണം; അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും: സുപ്രീം കോടതി