Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിരിയാണി പ്രേമികൾക്ക് തിരിച്ചടി; ബസ്മതി അരിക്ക് പൊള്ളുന്ന വില, കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിൽ

ബിരിയാണി പ്രേമികൾക്ക് തിരിച്ചടി; ബസ്മതി അരിക്ക് പൊള്ളുന്ന വില, കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരുടെ അടുക്കള ബജറ്റിന് തിരിച്ചടിയായി രാജ്യത്ത് അരിവില കുതിച്ചുയരുന്നു. ബസ്മതി, നോൺ-ബസ്മതി ഇനങ്ങൾക്കെല്ലാം വില വർധിച്ചതോടെ ഉപഭോക്താക്കൾക്ക് വലിയ അധിക ചെലവാണ് നേരിടേണ്ടിവരുന്നത്. ആഗോളതലത്തിൽ അരിക്ക് വർധിച്ചുവരുന്ന ഡിമാൻഡിനൊപ്പം ദക്ഷിണേന്ത്യയിലെ മഴക്കുറവും ആഭ്യന്തര വിപണിയിലെ ലഭ്യതയെ ബാധിച്ചതാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

ബിരിയാണിക്ക് ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന ബസ്മതി അരിയുടെ വില കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് ഏകദേശം 85 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 100 രൂപ പിന്നിട്ടു. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബസ്മതി അരിക്ക് 15 മുതൽ 20 ശതമാനം വരെയും നോൺ-ബസ്മതി അരിക്ക് 20 മുതൽ 25 ശതമാനം വരെയും വില വർധിച്ചതായാണ് വിപണി കണക്കുകൾ സൂചിപ്പിക്കുന്നത്.

അരിയുടെ വിലയിൽ ഉടൻ ആശ്വാസമുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വ്യാപാരികളും കയറ്റുമതിക്കാരും പറയുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ പുതിയ വിളവെടുപ്പ് വിപണിയിലെത്തുന്നതുവരെ വില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ട്.

2025ലെ വിളവെടുപ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ വിറ്റഴിഞ്ഞതോടെ നിലവിൽ വിപണിയിലെ സ്റ്റോക്ക് കുറഞ്ഞിട്ടുണ്ട്. പുതിയ ഖാരിഫ് വിളവെടുപ്പിന് ഇനി ആഴ്ചകൾ ബാക്കിയുള്ളതിനാൽ ലഭ്യതയിലെ കുറവ് വിലയിൽ സമ്മർദം തുടരാൻ ഇടയാക്കും.

ഇന്ത്യൻ ബസ്മതി അരിക്ക് വിദേശ വിപണിയിലും ശക്തമായ ആവശ്യക്കാരുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 154 രാജ്യങ്ങളിലേക്ക് 6.52 ദശലക്ഷം ടൺ അരി ഇന്ത്യ കയറ്റുമതി ചെയ്തതായാണ് കണക്ക്. ഇന്ത്യയുടെ അരി കയറ്റുമതിയിലെ റെക്കോർഡ് നിലവാരമാണിത്.

സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യൻ അരിയുടെ പ്രധാന വിപണികളിലൊന്ന്. ഗൾഫ് മേഖലയിലെ പണമിടപാടുകളിലും ഷിപ്പിങ്ങിലുമുണ്ടായ ചില തടസ്സങ്ങൾ കയറ്റുമതിയിൽ നേരിയ കാലതാമസത്തിന് കാരണമാകുന്നുണ്ടെങ്കിലും വിദേശ വിപണിയിലെ ഡിമാൻഡിൽ കാര്യമായ കുറവുണ്ടായിട്ടില്ല.

കയറ്റുമതി ഡിമാൻഡിനൊപ്പം ആഭ്യന്തര വിപണിയിലെ അരിയുടെ ലഭ്യത കുറഞ്ഞതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്. പൊതുവിതരണ സംവിധാനത്തിനായി സർക്കാർ വൻതോതിൽ അരി സംഭരിക്കുന്നതും വിപണിയിലെ ലഭ്യതയെ ബാധിക്കുന്നതായി റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

തെലങ്കാനയിൽ റേഷൻ സംവിധാനത്തിലൂടെ നോൺ-ബസ്മതി അരി വിതരണം ചെയ്യുന്നതും അരിയുടെ ആവശ്യകത ഉയർത്തുന്ന ഘടകമാണ്. അതേസമയം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ മഴക്കുറവും പുതിയ വിളവെടുപ്പിന്റെ പ്രതീക്ഷകളെ ബാധിക്കുന്നുണ്ട്.

പുതിയ ഖാരിഫ് വിളവ് വിപണിയിലെത്തുക, മഴയുടെ ലഭ്യത മെച്ചപ്പെടുക, വിദേശ വിപണിയിലെ അരി വാങ്ങൽ കുറയുക തുടങ്ങിയ ഘടകങ്ങളാണ് ഇനി വിലയുടെ ദിശ നിർണയിക്കുക. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ പുതിയ വിളവ് എത്തുന്നതുവരെ അരിവിലയിൽ വലിയ കുറവിന് സാധ്യത കുറവാണെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.



Related articles

See all
Popular News

ട്രെയിനുകളിലെ ഭക്ഷണ ശുചിത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യ; ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായ...

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളിൽ നിയമലംഘനം; നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ എഫ്.എസ്.എസ്.എ.ഐ...

Save your stories

Sign in