ന്യൂഡല്ഹി: നീറ്റ് ഉള്പ്പെടെയുള്ള ദേശീയ പരീക്ഷാ ക്രമക്കേടുകളില് പാര്ലമെന്റില് ചര്ച്ചയ്ക്ക് സര്ക്കാര് തയ്യാറാകാത്തതിനാലാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില് അപ്രതീക്ഷിത പ്രതിഷേധം നടത്തേണ്ടി വന്നതെന്ന് വ്യക്തമാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. മിന്നല് സമരത്തിന്റെ യഥാര്ത്ഥ കാരണം വിശദീകരിക്കുന്ന വീഡിയോ സന്ദേശം രാഹുല് ഗാന്ധി പുറത്തുവിട്ടു. വിദ്യാര്ഥികളുടെ ഭാവി വച്ച് കളിക്കുന്ന വിഷയം സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്ന് ഇന്നലെ രാവിലെ ലോക്സഭാ സ്പീക്കറെ നേരിട്ട് കണ്ടു അഭ്യര്ത്ഥിച്ചിരുന്നതായി രാഹുല് വെളിപ്പെടുത്തി.
'വിദ്യാര്ഥികള്ക്ക് സംഭവിച്ച അനീതിയെക്കുറിച്ച് സഭയില് സംസാരിക്കാന് അനുവദിക്കണമെന്ന് സ്പീക്കറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല് വിഷയത്തില് തീരുമാനമെടുക്കാന് സര്ക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കര് മറുപടി നല്കിയത്. ഇതില് നിന്നും പരീക്ഷാ ക്രമക്കേടില് ചര്ച്ച നടത്താന് സര്ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് ഞങ്ങള്ക്ക് ബോധ്യമായി. അതുകൊണ്ടാണ് വിദ്യാര്ഥികള്ക്ക് പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി നീങ്ങിയത്.' - രാഹുല് ഗാന്ധി സന്ദേശത്തില് പറഞ്ഞു.
മല്ലികാര്ജുന് ഖാര്ഗെയുടെ വസതിയില് ജന്മദിനാഘോഷത്തിനായി ഒത്തുകൂടിയ രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്, അഖിലേഷ് യാദവ്, ഡി.കെ. ശിവകുമാര്, വി.ഡി. സതീശന് അടക്കമുള്ള പ്രമുഖ നേതാക്കള് ഇന്നലെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്ച്ചായി എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുലുമായി ചര്ച്ച നടത്തിയെങ്കിലും, വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് നേതാക്കള് ഉറപ്പിച്ചു പറഞ്ഞു. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവില് പോലീസ് നടത്തിയ ശക്തമായ ബലപ്രയോഗത്തിലാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. വടംവലിക്കിടെ രാഹുല് ഗാന്ധിയുടെ മുഖത്ത് പരിക്കേല്ക്കുകയും ചെയ്തു.
നേതാക്കള്ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും പരീക്ഷാ തട്ടിപ്പിലും പ്രതിഷേധിച്ച് പാര്ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരമായി ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയില് നോട്ടീസ് നല്കും. രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്ഗ്രസിന്റെ തീരുമാനം.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില് കോണ്ഗ്രസിന്റെ മിന്നല് പ്രതിഷേധത്തിന്റെ കാരണം വെളിപ്പെടുത്തി രാഹുല്; വീഡിയോ സന്ദേശം പുറത്ത്