ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനലാണെന്നും, തകര്‍ന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമായ അദ്ദേഹം ഉടനടി രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ക്രൂരമായ ബലപ്രയോഗമാണ് നടത്തിയത്. ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങാന്‍ കാരണം വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശിയും തെറ്റായ നിലപാടുകളുമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിഷേധത്തിനിടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ 19 വയസ്സുകാരനായ സാഹില്‍ എന്ന വിദ്യാര്‍ത്ഥിയെ അരികില്‍ നിര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിന്റെ കണ്ണിനാണ് പെല്ലറ്റ് തറച്ചത്. സാഹിലിന്റെ കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കുപോലും ഉറപ്പില്ലെന്ന് രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു.
സഫ്ദര്‍ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെല്ലറ്റ് ഏറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഡല്‍ഹി പോലീസ് ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും, മന്ത്രിയുടെ രാജിയില്ലാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്ര പ്രതിനിധികളുമായി വിദ്യാര്‍ത്ഥി സംഘടനയായ സി.ജെ.പി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചയില്‍ ചില ധാരണകളിലെത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും, പരീക്ഷാ വിവാദങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍, പ്രധാന ആവശ്യമായ ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ ശനിയാഴ്ച ഉച്ചയോടെ മാത്രമേ അന്തിമ മറുപടി നല്‍കൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
'ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ മന്ത്രി, ഉടന്‍ രാജിവെക്കണം': പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ യുവാവുമായി രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം